കൊച്ചി: ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് വിദേശത്തേക്കു കടന്ന വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യൂണിസെക്സ് മേക്കപ്പ് സ്ഥാപനങ്ങളുടെ ഉടമ വാഴക്കാല പള്ളിപ്പറമ്പിറക്കത്തില്‍ അനീസ് അന്‍സാരി(37)യെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
ഇയാള്‍ക്കെതിരേ കേരളത്തിന് പുറത്തു താമസിക്കുന്ന മൂന്ന് യുവതികളാണ് ലൈംഗിക പീഡന പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ അയച്ചത്.
തുടര്‍ന്ന് ഇവരുടെ ഒപ്പോടുകൂടി വൈകിട്ട് അഞ്ചിന് ലഭിച്ച പരാതി പാലാരിവട്ടം പോലീസിന് കൈമാറി. പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് ഇയാള്‍ക്കെതിരേ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ നാലിനാണ് അനീസിനെതിരേ പീഡന ആരോപണവുമായി ഒരു യുവതി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
വിവാഹ മേക്കപ്പിനു ബുക്ക് ചെയ്ത ശേഷം ട്രയല്‍ മേക്കപ്പിനായി വിവാഹത്തിന് ഒരാഴ്ച മുമ്പ് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ അനീസ് വസ്ത്രം അഴിച്ചു മാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് യുവതിയുടെ പോസ്റ്റ്.
തുടര്‍ന്ന് മേക്കപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും ബുക്കിംഗ് റദ്ദാക്കിയെന്നും പരാതിയിലുണ്ട്.
എന്നാല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. 2021ലാണ് നിലവില്‍ പോലീസിന് ലഭിച്ചിരുന്ന പീഡനങ്ങളിലൊന്ന് നടന്നത്.
2015ലാണ് മറ്റ് രണ്ട് കേസുകള്‍ക്ക് ആസ്പദമായ സംഭവം നടന്നത്. യുവതിയുടെ വെളിപ്പെടുത്തലിനു ശേഷമാണ് രണ്ടു യുവതികള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം പങ്കുവച്ചത്.