കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
പാലക്കാട്ട് മണ്ണാർക്കാട് മണലടി കുന്നത്ത് ഹൗസിൽ അബൂബക്കർ സിദ്ധിഖ് (24) നെയാണ് കൊട്ടാരക്കര പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട്, ഗൾഫിൽ ജോലിനോക്കി വരുകയായിരുന്ന പ്രതി സോഷ്യൽ മീഡിയ വഴി പരിചയത്തിലാവുകയും,
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
കഴിഞ്ഞ മാസം 12 ന് സ്കൂളിലേക്ക് എന്നും പറഞ്ഞു വീട് വിട്ട പെൺകുട്ടിയെ കാണാതായതിനെതുടർന്ന് മാതാപിതാക്കൾ കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിരുന്നു.
ഉടനടി പെൺകുട്ടിയെ കണ്ടെത്തുന്നതിന് കൊട്ടാരക്കര ഡിവൈഎസ്പി ആർ.സുരേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് തെരച്ചിൽ നടത്തിയത്.
കാണാതായ പെൺകുട്ടി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതായി കണ്ടെത്താൻ കഴിഞ്ഞെങ്കിലും തുടർ വിവരങ്ങൾ ലഭ്യമായിരുന്നില്ല.
തുടർന്ന് വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി കഴിഞ്ഞ മാസം 12 ന് യു എ യി ൽ നിന്നും വിമാന മാർഗം തിരുവനന്തപുരം രാജ്യാന്തര വിമാനതാവളത്തിൽ എത്തുകയും പെൺകുട്ടിയെ അവിടെ നിന്നും തട്ടി കൊണ്ട് പോയതായും പോലീസ് കണ്ടെത്തി.
തുടർന്ന് പ്രതിയുടെ പാലക്കാടുള്ള വീട്ടിലും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ബന്ധുവീടുകളിലും കൊട്ടാരക്കര പോലീസ് അന്വേഷണം നടത്തി .
ഇതിനിടയിൽ പെൺകുട്ടിയെ കണ്ടെത്തുന്നതിനായി ഹൈക്കോടതി ഹേബിയസ് കോർപസ് റിട്ട് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പ്രതിയുടെ കേരളത്തിലും തമിഴ്നാട്ടിലുമുള്ള ബന്ധു വീടുകൾ ചുറ്റിപറ്റി കൊട്ടാരക്കര പോലീസ് ഒരു മാസത്തോളമായി നടത്തിയ വന്ന രഹസ്യ അന്വേഷണത്തിനൊടുവിൽ തമിഴ്നാട് തിരുപ്പൂർ പട്ടണത്തിലെ തുണിമിൽ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഒറ്റമുറി വീടുകളിൽ ഒന്നിൽ പ്രതി പെൺകുട്ടിയെ രഹസ്യമായി താമസിപ്പിച്ചിരിക്കുന്ന വിവരം ലഭിച്ചു.
പെൺകുട്ടിയെ പോലീസ് അവിടെ നിന്നും രക്ഷിച്ചു കൊണ്ടുവരികയുമായിരുന്നു. കൊട്ടാരക്കര എസ്എച്ച് ഒ ജോസഫ് ലിയോൺ, എസ്.ഐ ദീപു കെ എസ്, കണ്ട്രോൾ റൂം എസ്ഐ ആഷിർ കോഹൂർ,
സീനിയർ വനിതാ പോലീസ് ഓഫീസർ ജിജി മോൾ, സി പി ഓ മാരായ ജയേഷ് ജയപാൽ, ഷിബു കൃഷ്ണൻ, ഹരി എം എസ് , സലിൽ. എസ്, നഹാസ് എ, അജിത് കുമാർ കെ, സുധീർ എസ്, സഖിൽ, എഎസ്ഐ സഞ്ജീവ് മാത്യു,
സി പി ഒ മഹേഷ് മോഹൻ എന്നിവർ ചേർന്ന അന്വേഷണ സംഘം ഒരു മാസക്കാലമായി കേരളത്തിലും, തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചതും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതും.