കൊച്ചി: ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന കൊച്ചിയിലെ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി കേരളം വിട്ടിട്ടില്ലെന്ന് സൂചന.
ഇയാള്‍ക്കായി പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
പ്രതി കഴിഞ്ഞ ദിവസം ദുബായിലേക്ക് കടന്നെങ്കിലും മൂന്നു ദിവസം മുമ്പ് കേരളത്തില്‍ തിരിച്ചെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പാസ്പോര്‍ട്ട് പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതിക്കെതിരേ നാലു കേസുകള്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ അഞ്ച് പരാതികളാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയിലിലൂടെയാണ് പരാതി നല്‍കിയിരിക്കുന്നത്.
വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യൂണിസെക്സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയില്‍ മേക്കപ്പ് ചെയ്യുന്നതിനിടെ അനീസ് അന്‍സാരി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവതികളുടെ പരാതിയിലുള്ളത്.
കേരളത്തിന് പുറത്തുള്ളവരാണ് പരാതിക്കാരികള്‍. ഓസ്ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിലാണ് ഇന്നലെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.
2015 ഏപ്രിലില്‍ വിവാഹ മേക്കപ്പിനായി ചെന്നപ്പോള്‍ മേക്കപ്പിനിടെ അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി.
വിവാഹ ദിവസമായതിനാല്‍ പരാതി നല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരേ മറ്റു യുവതികളുടെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നിലവില്‍ പരാതി നല്‍കിയതെന്ന് യുവതി പറയുന്നു.
ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമായിരുന്നു യുവതികളുടെ പരാതി.
2019ല്‍ വിവാഹ മേക്കപ്പിനു ബുക്കുചെയ്ത താന്‍ ട്രയല്‍ മേക്കപ്പിനായി വിവാഹത്തിനു ഒരാഴ്ച മുമ്പ് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ അനീസ് വസ്ത്രം അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആദ്യം അനുഭവം പങ്കുവച്ച യുവതിയുടെ പരാതി.
ഇതോടെ മേക്കപ്പ് ചെയ്യുന്നതു നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ബുക്കിംഗ് റദ്ദാക്കിയെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. മറ്റു മൂന്നു യുവതികള്‍ക്കും സമാനമായ അനുഭവമാണ് ഇയാളില്‍നിന്ന് ഉണ്ടായത്.
ഇ-മെയില്‍ വഴി ലഭിച്ച പരാതികളില്‍ വീഡിയോ കോണ്‍ഫ്രറന്‍സിംഗിലൂടെ യുവതികളുടെ മൊഴി ശേഖരിച്ച് നടപടികള്‍ വേഗത്തിലാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.