കോട്ടയം: പിഎഫ് തുക പാസാക്കണമെങ്കിൽ ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ കൂടുതൽ തെളിവുകൾ.
സർക്കാർ എയ്ഡഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊവിഡന്റ് ഫണ്ട് രേഖപ്പെടുത്തുന്നതിലെ അപാകതയാണ് വിനോയ് ചന്ദ്രൻ ചൂഷണത്തിനു മറയാക്കിയത്.
പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസർ കണ്ണൂർ തളിക്കാവ് സ്വദേശി ആർ. വിനോയ് ചന്ദ്രന്റെ രാഷ്ട്രീയ സ്വാധീനവും ഇതിനായി വിനിയോഗിച്ചു.
ഒൗദ്യോഗിക ആവശ്യത്തിനു സമീപിച്ച ജീവനക്കാരെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിന്റെ തെളിവുകൾ വിജിലൻസിനു വിനോയിയുടെ ഫോണിൽനിന്നാണ് ലഭിച്ചത്.
ഇയാൾ കൂടുതൽ സ്ത്രീകളെ വലയിലാക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടുകൾ.
വിജിലൻസ് അറസ്റ്റു ചെയ്ത ഇയാളുടെ ഫോണിൽനിന്നും ഇതു വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചു.
നിരവധി അധ്യാപികമാരെയും ജീവനക്കാരെയും വലയിലാക്കാൻ ശ്രമിച്ചെന്നും സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു വാട്സ് ആപ് ചാറ്റുകൾ ഉൾപ്പെടെയാണ് വിജിലൻസ് സംഘത്തിന് ലഭിച്ചത്.
ഇയാളുടെ ചൂഷണത്തിനിരയായ അധ്യാപകരിൽനിന്നും ജീവനക്കാരിൽനിന്നും മൊഴിയെടുക്കാനും വിജിലൻസ് ശ്രമിക്കുകയാണ്.
ഗവണ്മെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യൂട്ട് പിഎഫ് വിഹിതം രേഖപ്പെടുത്തുന്നതിലെ പാളിച്ചകളാണ് ഇയാൾ മുതലെടുത്തതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നു.
ശന്പളത്തിൽനിന്നു പിഎഫ് വിഹിതം പിടിച്ചു. പക്ഷേ അതു ക്രെഡിറ്റിൽ കൃത്യമായി രേഖപ്പെടുത്തിയില്ല.
കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ട അധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് കൂടുതലും ഇത്തരം സാങ്കേതിക തടസം നേരിട്ടിരിക്കുന്നത്.
സാങ്കേതിക തകരാർ മൂലം 2017 മുതൽ പരാതിക്കാരിയായ ജീവനക്കാരിയുടെ പിഎഫ് തുക അക്കൗണ്ടിൽ രേഖപ്പെടുത്തിയിരുന്നില്ല.
ഇതുകാരണം ലോണെടുക്കാൻ കഴിയാത്തതിനെത്തുടർന്നാണു വിനോയ് ചന്ദ്രനെ സമീപിച്ചത്.
തുടർന്ന് നിരന്തരം വാട്സാപ്പിലൂടെ വിനോയ് ശല്യം തുടങ്ങി. പലതവണ ലൈംഗികാവശ്യമുന്നയിച്ച് വിനോയ് തന്റെ സ്വകാര്യ ചിത്രങ്ങൾ അധ്യാപികയുടെ വാട്സാപ്പിലേക്ക് അയച്ചു.
15 ദിവസം മുന്പ് തകരാർ പരിഹരിച്ചെന്നും നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ട് കോട്ടയത്തെ ലോഡ്ജിലേക്കു ക്ഷണിച്ചു. ശല്യപ്പെടുത്തൽ അതിരുവിട്ടതോടെയാണ് ഇവർ വിജിലൻസിനെ സമീപിച്ചത്.
വ്യാഴാഴ്ച കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത ശേഷം ജീവനക്കാരിയെ വിളിച്ച് 42 സൈസിൽ ഇഷ്ട നിറമുള്ള ഷർട്ടുമായി വരണമെന്ന് വിനോയ് ആവശ്യപ്പെട്ടു.
ഇയാളുടെ ആവശ്യപ്രകാരം വാങ്ങിയ ഷർട്ടിൽ ഫിനോഫ്തലിൻ പുരട്ടിയശേഷം ഇവരെ മുറിയിലേക്ക് വിജിലൻസ് സംഘം പറഞ്ഞയയ്ക്കുകയായിരുന്നു.
ഇവർ എത്തുന്പോഴേക്കും ലോഡ്ജ് പരിസരത്ത് വിജിലൻസ് സംഘവും നിലയുറപ്പിച്ചിരുന്നു.
ഷർട്ട് വാങ്ങിയതിന് പിന്നാലെ ഇയാളെ പിടികൂടുകയും ചെയ്തു. വാട്സാപ്പ് ചാറ്റുള്ളതു കൊണ്ട് ഇയാളെ പോലീസിൽ പരാതി കൊടുത്ത് പിടിക്കാനുള്ള വകുപ്പുണ്ടായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ വരികയും ചെയ്യും. അപ്പോഴും ഇയാൾക്ക് മുൻകൂർ ജാമ്യ ഹർജിയും മറ്റും നൽകാനും സാധ്യതയൊരുങ്ങും.
ഇതെല്ലാം മനസിലാക്കിയാണ് വിജിലൻസിൽ പരാതിയുമായി എത്തിയത്. ഇതോടെ ഇരുചെവി അറിയാതെ ഉദ്യോഗസ്ഥനെ വിജിലൻസ് കുടുക്കി.