വൈക്കം: കുഞ്ഞുണ്ടായ സന്തോഷത്തിന് മദ്യസൽക്കാരം നടത്താൻ പണമില്ലാതിരുന്ന കൂട്ടുകാരനെ നാലംഗ സുഹൃത്ത് സംഘം ആക്രമിച്ചു.
ചെന്പു തുരുത്തുമ്മ സ്വദേശിയായ യുവാവിന്റെ ഭാര്യ വൈക്കം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്.
കുഞ്ഞുണ്ടായ സന്തോഷത്തിൽ വൈക്കത്തെ ബാറിൽ കയറി പിതാവ് മിനുങ്ങുന്പോഴാണ് ബാറിൽ കഴിച്ചു കൊണ്ടിരുന്ന പഴയ കൂട്ടുകാരെ കണ്ടത്.
കൂട്ടുകാരൻ തനിക്കു പറ്റാവുന്ന തരത്തിൽ സുഹൃത്തുക്കളെ സൽക്കരിച്ചു. മദ്യ ലഹരിയിൽ കൂട്ടുകാരന്റെ പഴ്സ് സുഹൃത്തുക്കൾ കൈക്കലാക്കി.
പഴ്സിനെ ചൊല്ലി ബാറിൽ വച്ചു തന്നെ ഇവർ തർക്കത്തിലേർപ്പെട്ടു. ബഹളത്തിനിടയിൽ കൂട്ടുകാരുടെ പക്കൽ നിന്നും പഴ്സ് നഷ്ടപ്പെട്ടു.
പിന്നീട് ആശുപത്രിയിൽ എത്തിയ സുഹൃത്തുക്കൾക്ക് വീണ്ടും മദ്യപിക്കണമെന്ന് ആഗ്രഹമുണ്ടായതോടെ യുവാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ അയാളുടെ പക്കൽ പണമുണ്ടായില്ല.
ഇതിൽ പ്രകോപിതരായാണ് സുഹൃത്തുക്കൾ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. കുഞ്ഞുണ്ടായ ദിവസം തന്നെ സുഹൃത്തുക്കളാൽ ആക്രമിക്കപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടതോടെ യുവാവ് നാട്ടിലും നാണം കെട്ടു.
ആക്രമണവുമായി ബന്ധപ്പെട്ട് ഉദയനാപുരംനേരേകടവ് സ്വദേശികളായ നാലു പേർക്കെതിരെ പോലിസ് കേസെടുത്തു.