അമ്പലപ്പുഴ: വൃക്ക മാറ്റിവെച്ചതു മൂലം വിവാഹം മുടങ്ങിയ ലാലിന്റെ ജീവിതത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് ലക്ഷ്മിയെത്തി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കരുമാടി വലിയവീട്ടിൽ ലാലിന്റെ വിവാഹമാണ് വൃക്ക മാറ്റിവെച്ചതിന്റെ പേരിൽ നടക്കാതിരുന്നത്.
എന്നാൽ എല്ലാം അറിഞ്ഞുകൊണ്ടെത്തിയ തമിഴ്നാട് ദിണ്ടികൽ സ്വദേശി ലക്ഷ്മിയെയാണ് ലാൽ വരണമാല്ല്യം ചാർത്തി ജവിതസഖിയാക്കിയത്.
ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് ആർഭാടങ്ങളില്ലാതെ വണ്ടാനം രക്തേശ്വരി ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 9നും 10 നും ഇടയിലായിരുന്നു വിവാഹം.
മാവേലിക്കര കോടതിയിലെ വക്കീൽ ഗുമസ്ഥനാണ് ലാൽ. കുട്ടിക്കാലം മുതൽ ലാലിന് ഉയർന്ന രക്തസമ്മർദമണ്ടായിരുന്നു.
2016 ലാണ് ഇരുവൃക്കകളും തകരാറിലാണെന്നറിയുന്നത്. തുടർന്ന് നാലുവർഷം മുമ്പ് ഒരു വൃക്ക മാറ്റിവെച്ചു.
അതിനുശേഷം വിവാഹാലോചനകൾ പലതും നടത്തിയെങ്കിലും ആരും വിഹാത്തിന് തയാറായില്ല.
ഒടുവിൽ ലാലിന്റെ സുഹൃത്തിന്റെ ഇടപെടലിലാണ് തമിഴ്നാട് നിന്നും വിവാഹാലോചന നടത്തുന്നത്.
പെണ്ണ് കാണാൻ ചെന്നപ്പോൾ എല്ലാ വിവരവും ലക്ഷമിയോട് തുറന്നു പറഞ്ഞു. ദൂരക്കൂടുതൽ ആയതിനാൽ വീട്ടുകാർക്ക് എതിർപ്പായിരുന്നു.
എന്നാൽ ലക്ഷ്മി ഈ ബന്ധത്തിൽ ഉറച്ചുനിന്നു. ലക്ഷ്മിക്ക് നാട്ടിൽ വേറെ പല വിവാഹാലോചനകൾ വന്നെങ്കിലും സമ്മതിച്ചില്ല.
വീട്ടുകാർക്ക് എതിർപ്പായതിനാൽ വിവാഹം നടക്കില്ലെന്ന് മനസിലാക്കിയ ലക്ഷ്മി ഒടുവിൽ ലാലുമായി ഫോണിൽ ബന്ധപ്പെട്ട് കേരളത്തിലേക്ക് വരാമെന്ന് അറിയിച്ചു.
അച്ഛനോടും അമ്മയോടും യാത്രപറഞ്ഞശേഷം പാലക്കാട് എത്തിയ ലക്ഷ്മിയെ ലാലിന്റെ സഹോദരിയും മറ്റ് ബന്ധുക്കളും ചേർന്ന് അമ്പലപ്പുഴയിലുള്ള സഹോദരിയുടെ വീട്ടിൽ കൊണ്ടുവന്നു.
ഇവിടുന്നാണ് ഞായറാഴ്ച വിവാഹമണ്ഡപത്തിലെത്തുന്നത്.