കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ കീഴടങ്ങിയ രണ്ടാം പ്രതി സൈജു എം. തങ്കച്ചനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ തുടങ്ങി.
മെട്രോ പോലീസ് ഇന്‍സ്പെക്ടര്‍ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
ഇയാളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇയാളെ ഇന്നലെ പീഡനം നടന്ന ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം ഒന്നാം പ്രതി റോയി ജെ. വയലാട്ടിനെ ഇന്നോ നാളെയോ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചേക്കും.
ഇയാളുടെ കസ്റ്റഡി അപേക്ഷ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്നലെ റോയിയേയും സൈജുവിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യുകയുണ്ടായി.
അതേ സമയം ഞായറാഴ്ച കീഴടങ്ങിയ റോയി ജെ. വയലാട്ടിനെ എറണാകുളം പോക്സോ പ്രത്യേക കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജസ്ജി കെ. സോമന് ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യം ആശുപത്രിയില്‍തന്നെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
രാത്രിയോടെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്നു കാക്കനാട് ജില്ലാ ജയിലിന് സമീപത്തെ ബോസ്റ്റല്‍ സ്കൂളിലേക്ക് മാറ്റി.
സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ സൈജുവും റോയിയും ഒളിവില്‍ പോകുകയായിരുന്നു. പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച മൂന്നാം പ്രതി അഞ്ജലി റിമാദേവിനു ചോദ്യം ചെയ്യലിനു ഹാജരാവന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നു പ്രോസിക്യൂഷന് ബോധിപ്പിച്ചു.
മോഡലുകളുടെ മരണം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
കൊച്ചി: മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നു കുറ്റപത്രം സമര്‍പ്പിക്കും.
2021 നവംബര്‍ ഒന്നിന് പാലാരിവട്ടം ബൈപ്പാസിനു സമീപം നടന്ന വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഇവരുടെ സുഹൃത്ത് തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി മുഹമ്മദ് ആഷിഖുമാണ് മരിച്ചത്.
കാറോടിച്ചിരുന്ന അബ്ദുൾ റഹ്മാന് മാത്രമാണ് രക്ഷപ്പെട്ടത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത് തൃശൂരിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം.
കളമശേരി മെട്രോ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
കുറ്റപത്രത്തില്‍ എട്ടു പ്രതികളാണുള്ളത്. മോഡലുകള്‍ സഞ്ചരിച്ച കാറിനെ സൈജു തങ്കച്ചന് തന്റെ ഓഡി കാറില്‍ അമിത വേഗതയില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
അമിതമായി മദ്യപിച്ച് വാഹനമോടിച്ച മോഡലുകളുടെ ഡ്രൈവര്‍ അബ്ദുല്‍ റഹ്മാനാണ് കേസിലെ ഒന്നാം പ്രതി.ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.
രണ്ടാം പ്രതി സൈജു .എം. തങ്കച്ചനെതിരെ പ്രേരണ കുറ്റത്തിനും സ്്ത്രീകളോടു മോശമായി പെരുമാറിയതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മൂന്നാം പ്രതി ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരേ തെളിവ് നശിപ്പിച്ചതിനും സ്ത്രീകളോട് മോശമായി പെരുമാറിയതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന റോയിയുടെ ഹോട്ടലിലെ ജീവനക്കാരും പ്രതികളാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആര്‍ റോയിയുടെ നിര്‍ദേശപ്രകാരം കായലില്‍ ഉപേക്ഷിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്ക് എതിരേ തെളിവു നശിപ്പിച്ചതിനും കേസെടുത്തിരുന്നു.
ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.