കൂട്ടിക്കൽ: പ്രകൃതി താണ്ഡവമാടി വീടും സ്ഥലവും നഷ്ടപ്പെട്ട മലയോര മേഖലയിലെ ജനങ്ങൾക്കുമേൽ കേരള ബാങ്കിന്റെ നേതൃത്വത്തിൽ വീടുകളിൽ ജപ്തി നോട്ടീസ്.
വിദ്യാഭ്യാസ വായ്പയായും കാർഷിക വായ്പയായും ഭവന വായ്പയും ചെറുകിട സംരംഭ വായ്പയും ഉൾപ്പെടെ നിരവധി പേരാണ് വീടും സ്ഥലവും പണയം വച്ച് ലോണ് എടുത്തിട്ടുള്ളത്.
ഇതാണിപ്പോൾ പിഴയും പിഴപ്പലിശയും കൂട്ടുപലിശയും ചേർന്ന് വൻ തുകയായി മാറി ജപ്തി നടപടിയിലേക്ക് എത്തിയിരിക്കുന്നത്.
പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഇവർ എങ്ങനെ ഈ പണം തിരിച്ചടയ്ക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ്. പുനരധിവാസം പോലും ഇതുവരെയും എങ്ങുമെത്താത്ത ഇവിടുത്തെ ജനങ്ങൾക്കുമേലാണ് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നടപടിയും എത്തിയിരിക്കുന്നത്.
ഏന്തയാർ വള്ളക്കാട് ദാമോദരനും ഭാര്യ വിജയമ്മയും ചേർന്ന് വീടുപണിക്കായി 2012ൽ എടുത്ത ആറ് ലക്ഷം രൂപ ഇപ്പോൾ 17 ലക്ഷം രൂപയായി വർധിച്ചു.
മാർച്ച് 31നു മുന്പ് പണം അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഹൃദ്രോഗിയായ ദാമോദരനും കുടുംബവും എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. ഏന്തയാർ കൊടുങ്ങ സ്വദേശി കെ.ജി. ഗംഗാധരനന്റെ അവസ്ഥയും ഇതുതന്നെയാണ്. ചികിത്സക്കായി പണം വായ്പ എടുത്ത ഗംഗാധരന്റെയും ഭാര്യയുടെയും പേരിലുള്ള അഞ്ച് ലക്ഷം രൂപ ഇപ്പോൾ ഒന്പതു ലക്ഷമായി വർധിച്ചു.
ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണു മേഖലയിലുള്ളത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർ ഇവർ എങ്ങനെ വയ്പ തിരിച്ചടുക്കുമെന്ന ആശങ്കയിലാണ്.
കടം മേടിച്ചും കഷ്ടപ്പെട്ടും ജീവിതം മുന്നോട്ടു നയിക്കുന്നതിനിടയിലാണ് ബാങ്കുകളുടെ ജപ്തി നടപടി. ഇവരുടെ കടം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.