ചങ്ങനാശേരി: മകളെ ട്രെയിനിൽ യാത്രയയ്ക്കാനെത്തിയ പിതാവ് ട്രെയിനിൽനിന്നു കാൽ വഴുതി വീണു മരിച്ചു.
പിതാവ് അപകടത്തിൽപ്പെടുന്നതുകണ്ട് ഇറങ്ങാൻ ശ്രമിച്ച മകൾക്കു ട്രെയിനിൽനിന്നു വീണു പരിക്കേറ്റു.
ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് സെബാസ്റ്റ്യൻ (ജോമിച്ചൻ-62, എക്സ് മിലിട്ടറി) ആണ് മരിച്ചത്.
മകൾ അൻസ(21)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.30ന് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
എറണാകുളം രാജഗിരി കോളജിൽ എൻജിനിയറിംഗ് വിദ്യാർഥിനിയായ അൻസയെ കോളജിലേക്കു പോകുന്നതിനായി ഐലൻഡ് എക്സ്പ്രസിൽ കയറ്റി ലഗേജുകൾ വച്ചശേഷം തിരിച്ചിറങ്ങാൻ ശ്രമിക്കുന്പോൾ ട്രെയിൻ നീങ്ങിത്തുടങ്ങുകയും അലക്സ് സെബാസ്റ്റ്യൻ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോ മിനുമിടയിലേക്കു വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പിതാവ് അപകടത്തിൽപ്പെട്ടതു കണ്ട അൻസ ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിലേക്കു വീണു.
അലക്സ് സെബാസ്റ്റ്യൻ സംഭവസ്ഥലത്തു തന്നെ മരിച്ചു.
അൻസയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ അടിയന്തര ശുശ്രൂഷ നൽകി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
റെയിൽവേ പോലീസാണ് ഇരുവരെയും ചങ്ങനാശേരി ജനറൽ ആശുപത്രിയിലെത്തിച്ചത്.
അലക്സിന്റെ മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അലക്സിന്റെ ഭാര്യ മറിയാമ്മ. മകൻ: അമൽ (ദുബായ്).