ലൈംഗിക ആരോപണം നേരിടുന്ന മലയാളി യൂ ട്യൂബർ ശ്രീകാന്ത് വെട്ടിയാർ പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഫേസ്ബുക്ക് പേജിൽ.
ആലുവയിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ച് യുവതി പരാതി നൽകിയതിനെ തുടർന്ന് ഇയാൾക്കെതിരേ നിലവിൽ കേസുണ്ട്.
പിന്നാലെ ഏറെ നാളായി വെട്ടിയാറിന്റെ ഫേസ്ബുക്ക് പേജും വീഡിയോകളും സജീവമായിരുന്നില്ല.
അതിജീവിത ജനുവരി ഒൻപതിന് “വിമെൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്’ ഫേസ്ബുക്ക് പേജിൽ അതിക്രമത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു.
ഇതാണ് വെട്ടിയാറിനെതിരെയുള്ള കേസിൽ കലാശിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ പേരിൽ ഫ്ലാറ്റിൽ ക്ഷണിച്ചുവരുത്തിയാണ് അതിക്രമം നടത്തിയതെന്നായിരുന്നു യുവതിയുടെ പരാതി.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വെട്ടിയാർ പിന്നീട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
എന്നാൽ ഹർജി തള്ളിയതോടെ പോലീസിന് മുന്നിൽ കീഴടങ്ങി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു.
“ഉസ്കൂൾ’ എന്ന പുതിയ സിനിമയുടെ വിശേഷങ്ങളാണ് വെട്ടിയാർ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. എന്നാൽ പോസ്റ്റിനു പിന്നാലെ ഒട്ടേറെപ്പേർ കമന്റുകളുമായി എത്തി.
“താങ്കളെക്കുറിച്ച് ഉയർന്ന ആരോപണത്തിന് മറുപടി പറയാൻ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷൻ’ എന്നായിരുന്നു ഒരാളുടെ ചോദ്യം.
കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തിൽ ഒന്നും പറയാനില്ല എന്നായിരുന്നു ശ്രീകാന്ത് വെട്ടിയാറുടെ മറുപടി.