കാശ്മീര്‍ ഫയല്‍സ് സിനിമയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്.
ബിജെപി മുഖ്യമന്ത്രിമാര്‍ പലരും ഈ ആവശ്യം മുമ്പ് ഉന്നയിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഒരു ബിജെപി ഇതര മുഖ്യമന്ത്രി ഈ ആവശ്യവുമായി മുമ്പോട്ടു വരുന്നത്.
കേരളത്തിലെ കോണ്‍ഗ്രസ് അടക്കം ചിത്രത്തിന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തെ പിന്തുണച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒപ്പം സിനിമ കാണുമെന്നും ഭൂപേഷ് ബാഗല് ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിത്രം ആളുകള്‍ കാണുന്നത് തടയുകയാണെന്നും തീയേറ്ററുകള്‍ ടിക്കറ്റ് വില്‍ക്കുന്നത് തടയുകയാണെന്നും ബിജെപി എംഎല്‍എ ബ്രിജ്മോഹന്‍ അഗര്‍വാള്‍ ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
‘കശ്മീര്‍ ഫയല്‍സിന്റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സിനിമയൈ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നു’ ബാഗല് ട്വിറ്ററില്‍ കുറിച്ചു.
പ്രതിപക്ഷ എംഎല്‍എമാര്‍ അടക്കമുള്ള നിയമസഭ അംഗങ്ങളെ സിനിമ കാണാനായി താന്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ പ്രമേയമാക്കിയ ചിത്രത്തെ പിന്തുണച്ച് നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
സത്യം തുറന്നുകാട്ടുന്ന ഒരു സിനിമയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകള്‍ ഇത് ചര്‍ച്ച ചെയ്യുന്നു. സാധാരണയായി ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച് ജീവിതം ചിലവഴിക്കുന്ന ആളുകള്‍ പെട്ടെന്ന് വല്ലാതെ അസ്വസ്ഥരായി. ഒരു കലാസൃഷ്ടി എന്ന നിലയിലല്ല അവര്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്’മോദി പറഞ്ഞു.
നേരത്തെ, കാശ്മീര്‍ ഫയല്‍സ് കാണാനായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ഉത്തര്‍പ്രദേശ്, ഹരിയാന,ഗോവ,ഗുജറാത്ത്,ത്രിപുര സംസ്ഥാനങ്ങള്‍ വിനോദ നികുതിയില്‍ നിന്ന് കശ്മീര്‍ ഫയല്‍സിനെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഹരിയാന, കര്‍ണാടക,മധ്യപ്രദേശ്,അസം സംസ്ഥാനങ്ങള്‍ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും വേണ്ടി പ്രത്യേക ഷോകളും ഏര്‍പ്പെടുത്തി.
ജമ്മു കാശ്മീരില്‍ പോലീസ് ഓഫിസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ഷോ നടത്തിയതായി കാശ്മീര്‍ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
തൊണ്ണൂറുകളില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്ന വംശഹത്യയും പലായനവുമാണ് ചിത്രം പറയുന്നത്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപം ഖേര്‍, മിഥുന് ചക്രബര്‍ത്തി എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്.