പട്ടിക്കാട്: പീച്ചി സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കണ്ണാറയിലെ ഐഒസി പന്പിൽ പെട്രോളടിച്ച് ഗൂഗിൾ പേ ചെയ്താൽ പണം പോകന്നതു രണ്ടു ജീവനക്കാരുടെ അക്കൗണ്ടിലേക്ക്.
പന്പിന്റെ മാനേജരുടെ ഓഫീസിനു മുന്നിൽ വച്ചിരിക്കുന്ന സ്കാനറിൽ ക്യുആർ കോഡ് സ്കാൻ ചെയ്തു പണമടയ്ക്കുന്പോഴാണു സ്വകാര്യ അക്കൗണ്ടിലേക്കു പണം പോകുന്നത്.
സംഭവം അറിഞ്ഞതോടെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബാങ്കിന്റെ ഓഹരിയുടമകളും ഉപഭോക്താക്കളും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്കു രേഖാമൂലം പരാതി നൽകി.
ബാങ്കിന്റെ പേരിലോ സ്ഥിരം ജീവനക്കാരനായ മാനേജരുടെ പേരിലോ അക്കൗണ്ട് ആരംഭിക്കണമെന്നു രണ്ടു ഡയറക്ടർമാർ മാസങ്ങൾക്കു മുൻപേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അക്കൗണ്ട് മാറ്റിയില്ലെന്നും പരാതിയുണ്ട്.
നിലവിലെ ഭരണസമിതിയുടെ പേരിൽതന്നെ അന്വേഷണം നടക്കുന്നുണ്ട്.
താത്കാലിക ജീവനക്കാരെ നിയമിക്കരുതെന്നു വകുപ്പ് കർശന നിർദേശം നൽകിയിട്ടും ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളുൾപ്പെടെയുള്ള താത്കാലിക ജീവനക്കാരെ നിയമിച്ചതിനു പിന്നിൽ ക്രമക്കേടുണ്ടെന്നും പരാതിയിൽ ആരോപിച്ചു.
2017 ൽ പെട്രോൾ പന്പിൽ 10 ലക്ഷം രൂപയുടെ ക്രമക്കേടു നടത്തിയ ജീവനക്കാരനെതിരേയും 2010 ൽ ക്രമക്കേടു നടത്തിയ ജീവനക്കാരനെതിരെയും ബാങ്ക് നടപടിയെടുത്തെങ്കിലും ഇപ്പോഴത്തെ ഭരണസമിതി ഇരുവരെയും തിരിച്ചെടുത്തിരുന്നു.
പെട്രോൾ പന്പിലെ ഇന്ധനത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഐഒസിക്കു നൽകിയിട്ടുണ്ട്.
എന്നാൽ, ഇക്കാര്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അന്വേഷിക്കുമെന്നും ബാങ്ക് സെക്രട്ടറി ഇൻ ചാർജ് രാജി ജോമി പറഞ്ഞു.