എസ്.എം
സംസ്ഥാനത്തു കൂണ് പോലെയാണ് ടാറ്റൂ സെന്ററുകള്‍ മുളച്ചു പൊന്തുന്നത്. ടാറ്റൂ സെന്ററുകള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കുംsujeeshcnjksdnjkf സംസ്ഥാന സര്‍ക്കാര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ ഓഫീസർ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ഇന്‍സ്പെക്ടർ, ജില്ല കെമിക്കല്‍ അനലിറ്റിക്കല്‍ ലാബിലെ ഉദ്യോഗസ്ഥൻ,
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് എന്നിവര്‍ അടങ്ങുന്ന സമിതിക്കാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരമുള്ളത്.
ടാറ്റൂ ലൈസന്‍സിനായി അപേക്ഷിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ യോഗ്യത, പരിശീലനം, പ്രവൃത്തി പരിചയം എന്നിവയെക്കുറിച്ചു സര്‍ക്കാര്‍ നിയോഗിച്ച സമിതി മുന്‍പാകെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയും വേണം.
എന്നാല്‍, പലരും ആര്‍ട്ട് ലൈസന്‍സിന്റെ പേരിലാണ് ടാറ്റൂ സെന്ററുകള്‍ തുടങ്ങുന്നത്. പലേടത്തും ഒരു കൊച്ചു മുറിക്കുള്ളിലാണ് ടാറ്റൂ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പലതിനും മതിയായ ശുചിത്വം പോലും ഇല്ല.
ടാറ്റൂ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ അംഗീകാരമുള്ള ഉപകരണങ്ങളായിരിക്കണം ടാറ്റൂ അടിക്കാനായി ഉപയോഗിക്കേണ്ടത്.
ഡിസ്പോസിബിള്‍ സൂചികളും ട്യൂബുകളും മാത്രമേ ഉപയോഗിക്കാവൂ. അതേസമയം, മറൈന്‍ഡ്രൈവിലും ചില ഉത്സവ പറമ്പുകളിലുമൊക്കെ പ്രവര്‍ത്തിക്കുന്ന ടാറ്റൂ കേന്ദ്രങ്ങളില്‍ ഇപ്പോഴും അശാസ്ത്രീയമായ രീതികളാണ് പിന്തുടരുന്നത്.
ഇവിടെയൊക്കെ ടാറ്റുവിനായി ഒരേ സൂചികളാണ് ഉപയോഗിക്കുന്നത്. ഇതു എയ്ഡ്സ് ഉൾപ്പെടെയുള്ള മാരകമായ രോഗങ്ങൾ പടരാൻ ഇടയാക്കുന്നതാണ്.
എറണാകുളം നഗരത്തില്‍ 40 ടാറ്റൂ സെന്ററുകള്‍
എറണാകുളം നഗരത്തില്‍ 40 ടാറ്റൂ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
ഇതില്‍ 10 എണ്ണത്തിനു ലൈസന്‍സ് ഇല്ല. സുജീഷിനെതിരെ പീഡന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് നഗരത്തിലെ എല്ലാ ടാറ്റൂ സെന്ററുകളിലും പരിശോധന നടത്തിയിരുന്നു.
സുജീഷിന്റേത് അടക്കം പല സെന്ററുകളിലും സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ല. കോവിഡ് കാലം ആയിട്ടുപോലും സന്ദര്‍ശകരുടെ പേരും ഫോണ്‍ നമ്പറും സൂക്ഷിക്കാതിരുന്നത് വലിയ വീഴ്ചയാണ്.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ കുറഞ്ഞ നിരക്കിലായിരിക്കും മിക്കവാറും ടാറ്റൂ ചെയ്തു കൊടുക്കുന്നത്.
സ്ഥലസൗകര്യമില്ലാത്ത കൊച്ചു കാബിനായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. അതേസമയം, സുജീഷിന്റെ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സെന്ററില്‍ ആറ് അടി ഉയരത്തിലുള്ള കാബിനാണ് സെറ്റ് ചെയ്തിരുന്നത്.
കാബിന് മുഴുവന്‍ ചില്ലിട്ടതായിരുന്നു. എങ്കിലും ചില്ല് അത്ര സുതാര്യമായിരുന്നില്ല.
ഈ കാബിനുള്ളിലായിരുന്നു സ്വകാര്യഭാഗങ്ങളിൽ ടാറ്റൂ പതിക്കാനായി രണ്ടു പേര്‍ക്കു മാത്രം ഇരിക്കാവുന്ന കൊച്ചു കാബിന് ഒരുക്കിയിരുന്നത്.
എക്സൈസ് പരിശോധന
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്തെ ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് സംഘവും പരിശോധന നടത്തുന്നുണ്ട്.
നാലു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒമ്പതു റേഞ്ചുകളിലാണ് പരിശോധന നടത്തിയത്.
ടാറ്റൂ പതിക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുവെന്ന വിവരത്തെത്തുടര്‍ന്നാണ് നടപടി.
അതേസമയം, പരിശോധനയില്‍ മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാപനത്തില്‍നിന്ന് 20 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.
കുടുക്കിയതെന്ന് സുജീഷ്
തനിക്കെതിരായ പീഡനക്കേസിനു പിന്നില്‍ ഗൂഢാലോചനയെന്നാണ് സുജീഷ് പോലീസിനു മൊഴി നല്‍കിയത്.
കേസിനു പിന്നില്‍ കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പാണെന്നാണ് സുജീഷ് ആരോപിക്കുന്നത്.
ഇടപ്പള്ളിയില്‍ പുതിയ ടാറ്റൂ സ്റ്റുഡിയോ തുടങ്ങാന്‍ ഒരു ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു. തന്നെ പങ്കാളിയാക്കാന്‍ ഈ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും താന്‍ തയാറായില്ലെന്നാണ് സുജീഷ് മൊഴിനല്‍കിയത്.
ഇതിന്റെ പ്രതികാരമാണ് ഈ കള്ളക്കേസെന്നാണ് ഇയാളുടെ വാദം.
അഭിരാമി സുരേഷ് പറയുന്നു
സുജീഷ് അറസ്റ്റിലായതിനെത്തുടര്‍ന്നു ഗായികയായ അഭിരാമി പ്രതികരണവുമായി എത്തിയിരുന്നു.
തനിക്കും സഹോദരി അമൃതയ്ക്കും സുജീഷ് ടാറ്റൂ ചെയ്തിട്ടുണ്ടെന്നും നിലവിലെ സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും അവര്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവച്ചു.
അടുത്തിടെ തന്റെ കാലില്‍ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ അമൃത സുരേഷ് പങ്കുവച്ചിരുന്നു.
എനിക്ക് രണ്ടാമത്തെയും മൂന്നാമത്തെയും ടാറ്റൂ ചെയ്തത് സുജീഷാണ്. ഈയിടെ എന്റെ സഹോദരിയും അവിടെനിന്നു ടാറ്റൂ ചെയ്തിരുന്നു.
ഇപ്പോഴത്തെ വാര്‍ത്തകള്‍ എന്നെ അസ്വസ്ഥയാക്കിയിരിക്കുന്നു. ഞാന്‍ ടാറ്റു ചെയ്യുമ്പോള്‍ എനിക്കു മോശം അനുഭവം ഉണ്ടായിട്ടില്ല.
ഞാന്‍ ഒരുപാട് പേരെ അവിടേയ്ക്കു പറഞ്ഞു വിട്ടിട്ടുണ്ട്. അതു സുജീഷിന്റെ വര്‍ക്ക് നല്ലതായത് കൊണ്ടാണ്.
സംഭവം നടന്ന ശേഷം എനിക്കു കുറേ സന്ദേശങ്ങള്‍ വന്നു. നിങ്ങള്‍ സുജീഷിനെ പിന്തുണയ്ക്കുന്നുണ്ടോ എന്നു വരെ പലരും ചോദിച്ചു.
മീ ടു ആരോപണത്തെ അത്ര നിസാരമായി കാണേണ്ടതല്ല. ഓരോ പെണ്‍കുട്ടിയും ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം പ്രതികരിക്കണം.
ലൈംഗികാതിക്രമം നേരിടേണ്ടി വന്നാല്‍ ആ സമയത്തു ചിലപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
എന്നാല്‍, ഒരിക്കലും അതു മറച്ചു വയ്ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുത്.
ഒരാളുടെ മോഹങ്ങൾക്കു സംതൃപ്തി നല്കാന് മറ്റൊരാളെ ഉപയോഗിക്കുന്നത് എത്ര മോശം കാര്യമാണ്. അത് ആക്രമിക്കപ്പെടുന്നയാളിലുണ്ടാക്കുന്ന മാനസികാഘാതം വലുതാണ് അഭിരാമി പറയുന്നു.
(തുടരും)