തൊടുപുഴ: കുടയത്തൂർ അന്ധവിദ്യാലയത്തിൽ വിദ്യാർഥിനിയെ വർഷങ്ങളായി ശാരീരികമായി ദുരുപയോഗം ചെയ്തു വന്ന ജീവനക്കാരൻ അറസ്റ്റിൽ.
പോത്താനിക്കാട് പെരുനീർ ചേന്നാട്ട് രാജേഷ് രാജനെ (36) ആണ് തൊടുപുഴ ഡിവൈ എസ്പി എ.ജി.ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
2017 മുതൽ അന്ധ വിദ്യാലയത്തിൽ സ്വീപ്പർ കം വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്ന പ്രതി വർഷങ്ങളായി പെണ്‍കുട്ടിയ ശാരീരികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനിടെ കേസ് ഒതുക്കി തീർക്കാൻ സ്കൂൾ അധികൃതരും മറ്റും ഇടപെട്ടെന്ന പരാതിയിലും പോലീസ് അന്വേഷണം തുടങ്ങി.
ഒതുക്കാൻ നോക്കിയവരും കുടുങ്ങും
തെളിവു ലഭിച്ചാൽ പണം വാഗ്ദാനം ചെയ്ത് കേസ് ഒതുക്കാൻ ശ്രമിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.
നെടുങ്കണ്ടത്തിനു സമീപം കേരള -തമിഴ്നാട് അതിർത്തി മേഖലയിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എന്ന സംഘടന ഡിജിപിക്കുൾപ്പെടെ പരാതി നൽകിയിരുന്നു.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു പറയാതിരിക്കാൻ ഇവരുടെ കുടുംബത്തിന് സ്കൂൾ ജീവനക്കാരൻ പണം വാഗ്ദാനം ചെയ്യന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.
കുടുംബത്തിന് പണവും സഹോദരന് ജോലിയും നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനിടെ സ്കൂളിൽ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ചേർത്ത് പ്രശ്നം മൂടി വയ്ക്കാനും ശ്രമം നടന്നു.
ഈ യോഗത്തിൽ പങ്കെടുത്ത ചിലരാണ് ശബ്ദരേഖ പുറത്തു വിട്ടത്.
പോലീസിൽ അറിയിച്ചില്ല
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കുടുംബത്തെ സ്കൂളിൽ വിളിച്ചു വരുത്തി ഒത്തു തീർപ്പുണ്ടാക്കാനും ശ്രമം നടന്നു.
എന്നാൽ ജീവനക്കാരന്റെ ഭാഗത്ത് കുറ്റകൃത്യം കണ്ടെത്തിയിട്ടും സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് പോലീസ് പറയുന്നു.
ഡിജിപിക്ക് ലഭിച്ച പരാതി തൊടുപുഴ ഡിവൈഎസ്പിക്ക് കൈമാറിയതിനെ തുടർന്ന് സിഐ, വനിത പോലീസ്, കൗണ്‍സിലർ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ അന്വേഷണത്തിനായി സ്കൂളിലേക്ക് അയച്ചിരുന്നു.
ഇവർ സ്കൂൾ അധികൃതരിൽ നിന്നും പെണ്‍കുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. പെണ്‍കുട്ടിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തും.