മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ കറൻസി വേട്ട. 48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ. ബംഗളുരു സ്വദേശി ഒമർ ഫവാസ് (51) നിന്നാണ് 48,81000 രൂപ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം ഗോ എയർ വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. 64,500 യുഎസ് ഡോളറാണ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്.
ഇന്റർ നാഷണൽ സെക്യൂരിറ്റി ചെക്കിംഗിനിടെ സിഐഎസ്എഫ് ബാഗേജ് പരിശോധിച്ചപ്പോഴാണ് ലഗേജിൽ പണമുണ്ടെന്ന് കണ്ടെത്തിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ഹാൻഡ് ബാഗ് പരിശോധിച്ചപ്പോഴാണ് ഡോളർ പിടികൂടിയത്.
യാത്രക്കാരനെ കറൻസി സഹിതം തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറി. 5000 ഡോളർ മാത്രമേ വിദേശത്തേക്ക് കൊണ്ടുപോകാനോ കൊണ്ടുവരാനോ കഴിയൂ.
ഇന്ത്യയിൽ നിന്ന് കൊണ്ടുപോകുകയോ ഈ തുകയേക്കാൾ കൂടുതൽ ഇന്ത്യയിലേക്ക് കൊണ്ടുവരികയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്.