പോൾ മാത്യു
തൃശൂർ: കാടിറങ്ങി ആനകൾ കൂട്ടത്തോടെ നാട്ടിലെത്തുന്പോൾ പരിശീലനം കിട്ടിയ നാട്ടാനകളുടെ എണ്ണം കുറയുന്നു. നാലു വർഷത്തിനിടെ 75 ആനകളാണ് ചരിഞ്ഞത്.
2018ൽ കേരളത്തിൽ 521 ആനകൾ ഉണ്ടായിരുന്നത് ഇപ്പോൾ 446 ആയി ചുരുങ്ങി. ഓരോ വർഷവും ആനകളുടെ എണ്ണം കുറയുകയാണ്. ഏറ്റവും കൂടുതൽ ആനകൾ ചരിഞ്ഞത് 2021ലാണ്- 29 എണ്ണം. 2018ൽ മൂന്ന്, 2019ൽ 20, 2020ൽ 20, 2021ൽ 29, 2022ൽ ഇതുവരെ മൂന്ന് എന്നിങ്ങനെ ആനകൾ കുറഞ്ഞു.
ഏറ്റവും കൂടുതൽ ആനകൾ കുറഞ്ഞത് തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ്.
പൂരങ്ങളുടെയും ഉത്സവങ്ങളുടെയും സീസണ് എത്തിയതോടെ എഴുന്നള്ളിക്കാൻ ആനകളെ കിട്ടാനില്ലാത്ത സാഹചര്യമാണ് ഇപ്പോൾ.
സർക്കാരിന്റെയും ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലുള്ള ആനകൾ പലതിനെയും എഴുന്നള്ളിപ്പുകൾക്ക് നൽകാറില്ല. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഉത്സവങ്ങൾ ഏറെയും. ഈ മാസങ്ങളിൽ ആനകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഏറെ പണിപെട്ടാണ്.
ആനകൾ അസ്വസ്ഥരാകുന്നതും ഭീഷണി
രണ്ടു വർഷത്തെ കോവിഡ് കാല ഇടവേളയ്ക്കു ശേഷം എഴുന്നള്ളിപ്പിന് ഇറക്കുന്ന ആനകൾ അസ്വസ്ഥരാകുന്നത് ഭീഷണിയായി മാറി. ഈ കാലത്ത് പരിശീലനം ലഭിക്കാത്തതിനാൽ പെട്ടെന്നുള്ള ശബ്ദങ്ങളും അസഹ്യമായ ചൂടേൽക്കുന്നതുമൊക്കെ ആനകളുടെ മനോനിലയിൽ മാറ്റം വരുത്തുന്നതാണ് കാരണമെന്ന് പഠനങ്ങൾ പറയുന്നു.
നട്ടുച്ചയ്ക്ക് എഴുന്നള്ളിപ്പുകൾ പരമാവധി കുറയ്ക്കുകയെന്നതും വെടിക്കെട്ടും മേളങ്ങളുമൊക്കെ നടത്തുന്പോൾ ആനകളെ അകറ്റി സുരക്ഷിതമായി നിർത്തുന്നതുമൊക്കെ മുൻകരുതലാകുമെന്നാണ് വിദഗ്ധാഭിപ്രായം.
മൂന്നു കാരണങ്ങളാണ് ആനകളെ ഈ കാലത്ത് പ്രകോപിതരാക്കുന്നതെന്ന് ആന വിദഗ്ധനും അനിമൽ വെൽഫെയർ ബോർഡ് അംഗവുമായ ഡോ. പി.ബി. ഗിരിദാസ് പറഞ്ഞു. ഒന്നാമതായി ഉയർന്ന താപനില ആനകളെ അസ്വസ്ഥരാക്കും.
കഴിഞ്ഞ രണ്ടുവർഷം അധികം ശബ്ദങ്ങൾ ആനകൾ കേട്ടിട്ടുണ്ടാകില്ലെന്നത് രണ്ടാമത്തെ കാരണം. സാവധാനം ചെറിയ ശബ്ദങ്ങൾ കേൾപ്പിച്ച് പരിശീലനത്തിലൂടെ ഇവയെ കൊണ്ടുവന്നില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.
ഓരോ വർഷം ചെല്ലുന്തോറും ആനകൾ കുറഞ്ഞു വരികയും ആവശ്യക്കാർ കൂടി വരികയും ചെയ്യുന്നതാണ് മൂന്നാമത്തെ കാരണം. അതിനാൽ വിശ്രമം കുറയുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകുമെന്നും ഡോ. ഗിരിദാസ് പറഞ്ഞു.
കാടിറങ്ങുന്ന ആനകളെ മെരുക്കണം
ആനകൾ കാടിറങ്ങി ആളുകൾക്ക് ഭീഷണിയാകുന്നത് തടയാനും അവയുടെ ജീവൻ നിലനിർത്താനുമുള്ള സാധ്യതകൾ പരമാവധി ഉപയോഗിക്കണമെന്ന് ആന വിദഗ്ധർ പറയുന്നു.
അതോടെ കാട്ടാനശല്യം കുറയുകയും നാട്ടാനകളുടെ എണ്ണം വർധിക്കുകയും ചെയ്യും. അസം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കുന്നുണ്ട്.
കാടിറങ്ങുന്ന ആനകളെ പിടികൂടി പരിശീലനം നൽകി ടൂറിസം വികസനത്തിനും ഉപയോഗപ്പെടുത്തുന്നു. തീറ്റ തേടി നാട്ടിലെത്തുന്നവയെ വീണ്ടും കാട്ടിലേക്ക് കയറ്റിവിടുന്ന രീതി മൃഗങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്.