മങ്കൊമ്പ് നടവഴിക്കു പോലും വകയില്ലാതെ ദുരിതംപേറുന്ന കുട്ടനാടന്‍ മേഖലയ്ക്കുവേണ്ടിയുള്ള റോഡുനവീകരണപദ്ധതിയും ബൈപാസ് നിര്‍മാണവുമെന്ന ലേബലില്‍, യാതൊരു കേടുപാടില്ലാത്ത ടാര്‍റോഡ് കുത്തിയിളക്കി നിര്‍മാണപ്രവര്‍ത്തനം നടത്തി ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം.
കുട്ടനാടിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന മുളയ്ക്കാംതുരുത്തിയില് നിന്നും തുരുത്തിയിലേക്കുള്ള രണ്ടരകിലോമീറ്റര്‍ റോഡില്‍ ഇപ്പോള്‍ നടന്നുവരുന്ന നവീകരണപ്രവര്ത്തനങ്ങളെക്കുറിച്ചാണ് പരാതിയുയരുന്നത്.
ആലപ്പുഴ ജില്ലയിലെ വീയപുരം മുളയ്ക്കാംതുരുത്തി റോഡ് നവീകരണ പദ്ധതിയുടെ വിശദാംശങ്ങള്‍ക്കൊപ്പം കെഎസ്്ടിപിയുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ കോട്ടയം ജില്ലയിലെ മുളയ്ക്കാംതുരുത്തിയില് ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടേതാണ്.
വീയപുരത്തുനിന്നും എടത്വ, പുതുക്കരി, മാമ്പുഴക്കരി, കിടങ്ങറ, കുന്നംകരി, വാലടി വഴി മുളയ്ക്കാംതുരുത്തിവരെയുള്ള 21.457 കിലോമീറ്റര്‍ റോഡിന്റെ നവീകരണം റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ (ആര്.കെ.ഐ.) ഭാഗമായുള്ള പദ്ധതിയാണ്.
ആലപ്പുഴ ജില്ലയിലെ പദ്ധതിയുടെ മറവിലാണോ, ആവശ്യത്തിനു കലുങ്കുകളും ഓടകളുമെല്ലാം ഉള്‍പ്പെടുത്തി ആധുനികരീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള മുളയ്ക്കാംതുരുത്തിയിലെ റോഡുകുത്തിപ്പൊളിച്ചു തങ്ങളെ ദുരിതത്തിലാക്കുന്നതെന്നാണു നാട്ടുകാരിപ്പോള്‍ ചോദിക്കുന്നത്.
https://www.deepika.com/localnews/Localdetailnews.aspx?Distid=KL5&id=1162682
2018ല്‍ മഹാപ്രളയ കാലത്തുപോലും വെള്ളം കയറാത്തതും ഗതാഗതം തടസപ്പെടാത്തതുമായ റോഡും ഓടയുമെല്ലാം മണ്ണിട്ട് മൂടി നിലവിലുള്ള നിരപ്പില്‍നിന്ന് മൂന്നടിയോളം ഉയര്ത്താനാണത്രേ ഉദ്ദേശിക്കുന്നത്.
ഇപ്പോഴത്തെ നവീകരണപ്രവര്‍ത്തനങ്ങള്‍കൊണ്ട് റോഡിന്റെ വീതിയോ മറ്റെന്തെങ്കിലും സൗകര്യങ്ങളോ യാതൊരു രീതിയിലും വര്ധിക്കുന്നില്ലെന്നിരിക്കെ, എന്തിനുവേണ്ടിയാണീ പരിഷ്കാരം എന്ന സംശയമാണ് നാട്ടുകാരുന്നയിക്കുന്നത്.
വീതികുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും കന്പികെട്ടി വാര്‍ത്ത് ഉയര്‍ത്തിപ്പണിയുന്ന ഓടനിര്മാണത്തിനൊപ്പം ടിപ്പറടക്കമുള്ള ഭാരവാഹനങ്ങളുടെ ബാഹുല്യം കൂടിയായതോടെ അപകടസാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്.
സ്കൂള്‍കുട്ടികളുടെ തിരക്കുള്ള സമയത്തുപോലും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഭാരവണ്ടികള്‍ പായുകയാണെന്നാണ് നാട്ടുകാരുടെ പരാതി. വൈകുന്നേരങ്ങളിലും മറ്റും ഗതാഗതതടസം പതിവായിരിക്കുകയാണ്.
https://www.deepika.com/localnews/Localdetailnews.aspx?Distid=KL4&id=1164870
വീയപുരം വരെയുളള റോഡു നവീകരിക്കുന്നതിനുള്ള കെഎസ്്ടിപി പദ്ധതിയുടെ ഭാഗമായാണു മുളയ്ക്കാംതുരുത്തിയിലെ പണിനടക്കുന്നതെങ്കില്, കുട്ടനാടന്‍ പാടശേഖരങ്ങളുടെ ഉള്ളിലൂടെയുള്ള റോഡുകള്‍ ഉയര്ത്തിനിര്മിക്കുന്നതിനായിരുന്നു മുന്‍ഗണന നല്‍കേണ്ടിയിരുന്നതെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോള്‍ റോഡുനവീകരണം നടക്കുന്ന മുളയ്ക്കാംതുരുത്തിയില് നിന്നും കുട്ടനാടന്‍ പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.പാടശേഖരങ്ങളില്‍ കൃഷിയില്ലാത്ത അവസരങ്ങളില്‍ നേരിയ വെള്ളപ്പൊക്കമുണ്ടായാല്‍ പോലും കുട്ടനാടന്‍ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളക്കെട്ടിലാകും.
നിരന്തരം വെള്ളക്കെട്ടില്‍ മുങ്ങി തകരുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ഷാവര്‍ഷം വന്തുകയാണിപ്പോള് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. കുട്ടനാട്ടിലെ റോഡുകള്‍ ഓരോ വര്‍ഷവും താഴ്ന്നുകൊണ്ടിരിക്കുമെന്നുള്ളതിനാല്, പൂര്‍ണ്ണമായും വെള്ളപ്പൊക്കത്തെ അതിജീവിക്കത്തക്കവിധം ഉയര്‍ത്തി നിര്‍മിക്കുകയെന്നത് ഏറെ ചെലവുള്ള കാര്യമാണ്.
നിയന്ത്രിത പന്പിംഗിലൂടെ റോഡുകളില്‍ വെള്ളംകയറാതെ സൂക്ഷിക്കുകയെന്നതും വെള്ളംകയറിയാലും നശിക്കാത്തരീതിയില് ബിഎംബിസി പോലുള്ള ഉന്നത നിലവാരത്തില്‍ റോഡ് നവീകരിക്കുക എന്നതുമാണ് ഇതിനുള്ള പോംവഴി. പലയിടങ്ങളിലും ഫണ്ടു ദുര്‍വിനിയോഗം നടക്കുന്പോഴും ഇത്തരത്തില്‍ അടിയന്തരപ്രാധാന്യമുള്ള പദ്ധതികള്‍ തഴയപ്പെടുന്നതില്‍ നാട്ടുകാര്‍ക്കു പ്രതിഷേധമുണ്ട്.
https://www.deepika.com/localnews/Localdetailnews.aspx?Distid=KL4&id=1162468
കുട്ടനാട്ടിലെ ഒട്ടുമിക്ക റോഡുകള്‍ക്കും പാടശേഖര പുറംബണ്ടുകളുടെ സംരക്ഷണവലയമുള്ളതിനാല് പന്പിംഗ് നടത്തി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്നാണവര് ചൂണ്ടിക്കാട്ടുന്നത്.
മടവീഴ്ചയും കവിഞ്ഞുകയറ്റവും ഒഴിവാക്കി പാടശേഖരങ്ങളില്‍ പന്പിംഗ് നടത്തണമെങ്കില്‍ ഉയരവും ഉറപ്പുമുള്ള പുറംബണ്ടുകളും ആധുനിക പന്പുസെറ്റുകളും മോട്ടോര്തറകളില് സ്ഥിരം വൈദ്യുതികണ്ക്ഷനുമെല്ലാം ആവശ്യമാണ്.
https://www.deepika.com/LocalNews/Localdetailnews.aspx?Distid=KL4&ID=1160205
മഴക്കാലത്തു നെല്‍ക്കൃഷിക്കു പകരം മത്സ്യക്കൃഷിയും നിയന്ത്രിത പന്പിംഗും സംയുക്തമായി നടപ്പാക്കിയാല്‍ മടവീഴ്ചാസാധ്യതയും കൃഷിനാശവും ഒഴിവാക്കിക്കൊണ്ടുള്ള വെള്ളക്കെട്ടു ദുരിതനിവാരണം സാധ്യമാകുമെങ്കിലും നിലവില്‍ ഇതിനൊന്നും പദ്ധതികളില്ലെന്നതും പ്രശ്നമാണ്.
https://www.deepika.com/localnews/Localdetailnews.aspx?Distid=KL4&id=1062802
ഓരോ തവണ വെള്ളപ്പൊക്കമുണ്ടാകുന്പോഴും ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും ലഭ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നാണു നാട്ടുകാര്‍ വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ നവംബറിലെ വെള്ളപ്പൊക്ക ദിനങ്ങളില്‍ എസി റോഡ് ഉള്‍പ്പെടെ കുട്ടനാട്ടിലെ ഒട്ടുമിക്കറോഡുകളും വെള്ളക്കെട്ടിലായപ്പോഴും പന്പിംഗ് നടത്തി മുളയ്ക്കാംതുരുത്തി കാവാലം റോഡില്‍ ഗതാഗതം സുഗമമാക്കിയതു മാതൃകയാക്കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.
കൃഷിയില്ലാത്ത മഴക്കാലങ്ങളില്‍ ദുരിതനിവാരണത്തിനായുള്ള നിയന്ത്രിത പന്പിംഗ് നിര്‍ബന്ധിത സര്‍ക്കാര്‍ പദ്ധതിയായി പ്രഖ്യാപിച്ചു നടപ്പാക്കിയാല്‍ മാസങ്ങളോളം നീളുന്ന വെള്ളക്കെട്ടു ദുരിതങ്ങള്‍ക്കും റോഡുകളുടെ തകര്‍ച്ചയ്ക്കും വലിയൊരു പരിധിവരെ പരിഹാരമാകും.
പക്ഷേ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മമൂലം ഇക്കാര്യത്തിലൊന്നും ആര്‍ക്കും ഉത്തരവാദിത്വമൊന്നുമില്ലാത്ത അവസ്ഥയാണത്രേ ഇപ്പോള്‍ നിലവിലുള്ളത്.
ഇതിനൊക്കെ പുറമെ റോഡുനവീകരണത്തിനും മറ്റും ഫണ്ട് വിനിയോഗിക്കുന്നതിലെ അസന്തുലിതാവസ്ഥ കൂടിയാകുന്പോള് വരാനിരിക്കുന്ന വെള്ളപ്പൊക്കകാലം കുട്ടനാട്ടുകാര്‍ക്കു കൂടുതല്‍ ദുരിതപൂര്ണ്ണമാകാനുള്ള സാധ്യതകള്‍ ഏറെയാണ്.