കോടികള്‍ ബാങ്കില്‍ തിരിച്ചടയ്ക്കാതെ വന്‍ വ്യവസായികള്‍ മുങ്ങി…ഇതേ തലക്കെട്ടില്‍ ഒരുപാട് വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. ഒരു വായ്പ തിരിച്ചയ്ക്കാന്‍ എത്തിയ മകനെക്കുറിച്ചുള്ളതാണ് ഈ വാര്‍ത്ത. ഇതു മുഴുവന്‍ വായിച്ചുതീരുമ്പോള്‍ എത്ര കഠിനഹൃദയരുടെയും നെഞ്ചിലൊരു വിങ്ങലുണ്ടാകും തീര്‍ച്ച. ബിഹാറിലെ ബെഗുസരയ് ജില്ലയിലെ ലോക്അദാലത്ത് നടക്കുന്നു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് ഒന്നിച്ചു പൈസ അടച്ചു തുടര്‍നടപടികളില്‍നിന്നു രക്ഷപ്പെടാനുള്ളതാണ് ഈ അദാലത്ത്. ഉച്ചയായപ്പോള്‍ ഒരു കൊച്ചുബാലന്‍ കൈയ്യില്‍ വലിയൊരു പൊതിയുമായെത്തി. സുധീര്‍കുമാറെന്നാണ് ഈ എട്ടുവയസുകാരന്റെ പേര്. അവന്റെ അമ്മയെടുത്ത വായ്പ തിരിച്ചടക്കാന്‍ എത്തിയതായിരുന്നു ഈ കൊച്ചുകുട്ടി.
പത്തുവര്‍ഷം മുമ്പായിരുന്നു സുധീറിന്റെ അമ്മ അനിറ്റ ദേവി ചെറുകിട വ്യവസായമാരംഭിക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 21,000 രൂപ വായ്പ എടുത്തത്. മദ്യപാനിയായ ഭര്‍ത്താവ് ചെലവിനായൊന്നും തരാത്തതാണ് അനിറ്റയെ ഇത്തരമൊരു വായ്പയെടുക്കാന്‍ പ്രേരിപ്പിച്ചത്. വായ്പ എടുത്ത് രണ്ട് വര്‍ഷത്തിനു ശേഷം 2008ലാണ് സുധീര്‍ ജനിക്കുന്നത്. എന്നാല്‍, 2012ല്‍ സുധീറിന്റെ അമ്മ ഒരു റോഡപകടത്തില്‍ മരണമടഞ്ഞു. അച്ഛന്‍ സുധീറിനെ ഉപേക്ഷിച്ചുപോകുകയും ചെയ്തു. ഗ്രാമീണരും ബന്ധുക്കളുമായിരുന്നു പിന്നീട് അവനെ വളര്‍ത്തിയത്. ഇതിനിടെയാണ് വായ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിക്കുന്നത്.
ദരിദ്രരായ നാട്ടുകാരാണ് ബാങ്കിലടയ്ക്കാന്‍ 5000 രൂപ പിരിച്ചുനല്കിയത്. ഈ തുകയുമായാണ് കഴിഞ്ഞ ശനിയാഴ്ച്ച എട്ടുവയസുകാരന്‍ അദാലത്തില്‍ എത്തിയത്. ബാലന്റെ പ്രായവും സാമ്പത്തികമായ കഷ്ടപ്പാടും അനാഥത്വവും കണക്കിലെടുത്ത കോടതി, ബാങ്ക് അധികൃതരോട് വായ്പ എഴുതി തള്ളാന്‍ ആവശ്യപ്പെടുകയായിരുന്നു. ലോക് അദാലത്ത് ജഡ്ജി ഗംഗോത്രി രാം ത്രിപാതിയാണ് മനഃസാക്ഷിയുടെ കോടതിവിധി പ്രഖ്യാപിച്ചത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വായ്പയില്‍ ഒത്തുതീര്‍പ്പായെന്ന് രേഖപ്പെടുത്തിയ രസീതും ബാങ്ക് അധികൃതര്‍ സുധീറിന് കൈമാറി. സുധീറിനെക്കുറിച്ചുള്ള വാര്‍ത്ത വൈറലായതോടെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ നന്മയുടെ പുതുകാവ്യത്തിന് വലിയ പ്രാധാന്യം നല്കി.