തൃക്കൊടിത്താനം: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച തൃക്കൊടിത്താനം കിളിമല തടത്തിൽ അനീഷിനെ (35) തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കു 12ന് പായിപ്പാടാണ് സംഭവം.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവതി സുഖം പ്രാപിച്ചു വരികയാണ്. യുവതിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ടെന്ന് തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ് പറഞ്ഞു. പ്രതി അനീഷിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
സ്്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം നടത്തുന്ന വൈകൃത സ്വഭാവത്തിനുടമയാണ് അനീഷെന്നും മുന്പു കഞ്ചാവ് ബീഡി വലിച്ചതിന് ഇയാളുടെ പേരിൽ കേസുണ്ടെന്നും പോലീസ് പറഞ്ഞു.
യുവതിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ചീര കച്ചവടവുമായി നടക്കുന്നതിനിടയിൽ ഇന്നലെ അനീഷ് യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിക്കുകയായിരുന്നു.
യുവതിയുടെ ഭർതൃമാതാവും പിതാവും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഉച്ചയോടെ കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് ആശുപത്രിയിൽ പോയവർ മടങ്ങിവന്നതാണെന്നു കരുതി യുവതി കതക് തുറന്നു.
അപരിചിതനായ ആളെ കണ്ട ഉടൻതന്നെ കതകടച്ചു യുവതി അകത്തേക്ക് പോയി. വീടിനു പുറകിലെ വർക്ക് ഏരിയായിൽ മെഷീനിൽ തുണി കഴുകാൻ ഇടുകയായിരുന്ന ഇവരെ പുറകിലൂടെ എത്തിയ പ്രതി മുഖം പൊത്തിപ്പിടിച്ചു.
തിരിഞ്ഞുനോക്കിയപ്പോൾ വായും പൊത്താൻ ശ്രമിച്ചപ്പോൾ യുവതി കുതറി അകത്തേക്ക് ഓടി കയറി വാതിൽ അടക്കാൻ ശ്രമിച്ചു.
ഇയാൾ വാതിൽ തള്ളിത്തുറന്ന് യുവതിയുടെ കരണത്തിന് അടിച്ചു. വീണ്ടും പുറത്തേക്ക് ഓടി രക്ഷപ്പെട്ട് പുറത്തേക്ക് ഓടാൻ ശ്രമിച്ച യുവതിയെ വർക്കേരിയായിലിട്ട് നാഭിക്കിട്ട് തൊഴിച്ചു വീഴ്ത്തി.
തല ഭിത്തിയിൽ പിടിച്ചു ഇടിക്കുകയും നെഞ്ചിൽ കൈകൊണ്ട് കുത്തി ഇറക്കി പരിക്കേൽപ്പിക്കുകയും ചെയ്തു. കഴുത്തിൽ കിടന്ന മാല പറിച്ചെടുക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ബോധം നഷ്ടപ്പെട്ട യുവതിയെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു.
വീട്ടിലെത്തിയ ഭർതൃമാതാവും പിതാവും യുവതി അവശനിലയിൽ വസ്ത്രങ്ങൾ വലിച്ചുകീറിയ നിലയിൽ കണ്ടത്. ദേഹമാസകലം ക്രൂരമർദനവും ഏറ്റിട്ടുണ്ട്. ഇവരെ നാലുകോടി ആശുപത്രിയിലും തുടർന്ന് ചങ്ങനാശേരിയിലെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീട്ടിൽനിന്നും ഭർതൃമാതാപിതാക്കൾ പോകുന്നതു കണ്ട് യുവതി തനിച്ചാണെന്ന് മനസിലാക്കിയാണ് ഇയാൾ വീട്ടിലെത്തി ഉപദ്രവിച്ചതെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.