ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെയിടയില്‍നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താനും അഴിമതി കുറയ്ക്കാനും അരവിന്ദ് കെജ്രിവാള് സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നടത്തിയ തല്‍സമയ റെയ്ഡാണ് ഇപ്പോള്‍ എഎപി സര്‍ക്കാരിന് കൈയ്യടി ലഭിക്കുന്ന പുതിയ നടപടി. ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സിനിമസ്റ്റൈല്‍ രംഗം.
മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും ഡല്‍ഹിയിലെ പ്രാദേശിക ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. മുന്‍കുട്ടി അറിയിക്കാതെയായിരുന്നു വരവ്. ആശുപത്രിയിലെ ഓഫീസ് മുറികളിലൊന്നില്‍ കയറിയപ്പോള്‍ ഡ്യൂട്ടി സമയത്ത് സിനിമ കാണുന്ന ഉദ്യോഗസ്ഥനെയാണ് സിസോദിയയ്ക്കു കാണാനായത്. ഉദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടിയ സിസോദിയ ആരാണ് മേലധികാരിയെന്ന് അയാളോട് ചോദിച്ചു. രോക്ഷാകുലനായിരുന്നു സിസോദിയ. മേലധികാരി സ്ഥലത്ത് എത്തിയ ഉടനെ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്നും നീക്കാന്‍ മന്ത്രി ഉത്തരവിട്ടു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്ന താക്കീതും നല്‍കിയാണ് സിസോദിയ മടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.