തൃപ്പൂണിത്തുറ: ചോറ്റാനിക്കരക്കാരുടെ “പട്ടാമ്പി ‘ വിറ്റ ടിക്കറ്റിന് കേരളാ ഭാഗ്യക്കുറിയുടെ സമ്മർ ബംപർ ഒന്നാം സമ്മാനമായ ആറു കോടി അടിച്ചെങ്കിലും ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത് തന്നെ.
സമ്മാന വിവരം അറിഞ്ഞയുടൻ തന്നെ പട്ടാമ്പിയുടെ പതിവുകാർ കൈവശമുള്ള ടിക്കറ്റുകൾ പരിശോധിച്ചെങ്കിലും ആറും ഏഴും ടിക്കറ്റുകളുടെയൊക്കെ വ്യത്യാസത്തിൽ ബമ്പർ നഷ്ടപ്പെട്ടവയായിരുന്നു അവയെല്ലാം.
സമ്മാനാർഹമായ എസ്സി 107463 എന്ന ടിക്കറ്റ് വില്പന നടത്തിയ മലപ്പുറം സ്വദേശിയായ രാധാകൃഷ്ണൻ ( 60 ) ചോറ്റാനിക്കരയിൽ പട്ടാമ്പിയെന്നാണ് അറിയപ്പെടുന്നത്.
ചോറ്റാനിക്കര ക്ഷേത്രനടയിലും പരിസര പ്രദേശങ്ങളിലുമായി ലോട്ടറി വില്പന നടത്തുന്ന രാധാകൃഷ്ണൻ ക്ഷേത്രത്തിനടുത്ത് ലോഡ്ജിൽ മുറിയെടുത്താണ് താമസിക്കുന്നത്.
16 വർഷമായി ചോറ്റാനിക്കരയിൽ ലോട്ടറി കച്ചവടം നടത്തുന്ന രാധാകൃഷ്ണൻ മുൻപ് ഓണം ബംമ്പറിന്റെ അഞ്ച് ലക്ഷവും ഏഴ് തവണ ഒരു ലക്ഷം രൂപയും സമ്മാനമടിച്ച ടിക്കറ്റുകൾ വില്പന നടത്തിയിട്ടുണ്ട്.
എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജൻസിയിൽനിന്നും ടിക്കറ്റ് കൊണ്ടുവന്നാണ് വില്പന. ജനുവരി പകുതിയോടെ വില്പന നടത്തിയ സമ്മർ ബംപർ ടിക്കറ്റ് വാങ്ങിയതിൽ കൂടുതലും തമിഴ്നാട്ടിൽനിന്നും ശബരിമല ദർശനത്തിന് വന്ന അയ്യപ്പന്മാരായിരുന്നു.
രാധാകൃഷ്ണന്റെ സ്ഥിരം കസ്റ്റമേഴ്സിനെ കൂടാതെ ക്ഷേത്ര ദർശനത്തിന് വരുന്നവരും ടിക്കറ്റ് എടുക്കുന്നത് കൊണ്ട് തന്നെ ബംപർ ഭാഗ്യവാൻ എവിടെനിന്നു വേണമെങ്കിലുമാകാമെന്നാണ് പട്ടാമ്പി പറയുന്നത്.