ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ മുറ്റത്ത് വച്ച് 1973 ലായിരുന്നു എന്റെ വിവാഹം നടന്നത്. ഇവിടെ മുഴുവന്‍ വലിയ പന്തലൊക്കെ ഇട്ടു. പണി തീരാത്ത വീട് എന്ന സിനിമയിറങ്ങി സുപ്രഭാതം എന്ന പാട്ട് ഹിറ്റായി നില്ക്കുന്ന സമയമാണ്.
കല്യാണം വീട്ടുമുറ്റത്ത് വേണ്ട, വല്ല കല്യാണ മണ്ഡപത്തിലോ മറ്റോ നടത്താം. ആളും തിരക്കും ഉണ്ടാവും എന്നായിരുന്നു എന്റെ അഭിപ്രായം. പക്ഷേ ഭാര്യാപിതാവ് മണ്ണത്ത് നാരായണമേനോന് സമ്മതിച്ചില്ല.
ഇതദ്ദേഹത്തിന്റെ തറവാട് വീടാണ്. ഇവിടെ വച്ച് വിവാഹം നടത്തുക എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അതിന് അനുസരിച്ച് ഒരുക്കങ്ങളായി, സദ്യ വട്ടങ്ങളായി.
കെട്ട് നടക്കുന്ന സമയമായപ്പോഴെക്കും ക്ഷണിച്ച് വന്നവരും ബന്ധുക്കളുമല്ലാതെ നിറയെ ആളുകള്‍. മുറ്റത്തും വഴിയിലും ചുറ്റുമതിലിന്റെ മുകളിലുമായി ജനങ്ങള്‍.
തങ്ങളുടെ പ്രിയ ഗായകനെ ഒരു നോക്കു കാണാന്‍ വന്നവര്‍. വിവാഹ ചടങ്ങ് കഴിഞ്ഞ് ബന്ധുക്കള്‍ ഊണ് കഴിക്കാന്‍ എത്തിയപ്പോള്‍ ചോറും വിഭവങ്ങളെല്ലാം തീര്‍ന്നു.
ആരൊക്കെയോ വന്ന് സദ്യ കഴിച്ച് പോയി. പിന്നെ ചോറടക്കം എല്ലാം രണ്ടാമത് ഉണ്ടാക്കിയിട്ടാണ് ക്ഷണിച്ചിട്ട് വന്നവര്‍ ഭക്ഷണം കഴിച്ചത്. പി. ജയചന്ദ്രന്