കൊച്ചി: ആത്മവിശ്വാസത്തിനും നിശ്ചയദാർഢ്യത്തിനും മുൻപിൽ ശാരീരിക പരിമിതികൾ ഒരിക്കലും തടസമാകില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ജിയാ റായ് എന്ന 13 വയസുകാരി.
13 മണിക്കൂറും പത്തുമിനിറ്റും കൊണ്ട് പാക് കടലിടുക്ക് (ഗൾഫ് ഓഫ് മാന്നാർ) നീന്തിക്കടന്നാണ് ജന്മനാ ഓട്ടിസം ബാധിച്ച കുട്ടിയായ ജിയാ റിക്കാർഡ് കുറിച്ചത്.
ഐഎന്‍എസ് കുഞ്ഞാലിയിലെ എംസി-എടി ആംസ് 2 ആയ മദന്‍ റായിയുടെ മകളാണ് ജിയ റായ്. പാക് കടലിടുക്ക് നീന്തിക്കടക്കുന്ന പ്രായംകുറഞ്ഞതും വേഗതയേറിയതുമായ വനിതയുമായി ജിയ.
ബുലചൗധരി 13 മണിക്കൂര്‍ 52 മിനിറ്റുകൊണ്ട് നീന്തി 2004ല്‍ സ്ഥാപിച്ച റിക്കാര്‍ഡാണ് ഇതോടെ പഴങ്കഥയുമായത്.
20ന് പുലര്‍ച്ചെ 4.22ന് ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്നും ആരംഭിച്ച നീന്തല്‍ വൈകുന്നേരം അഞ്ചരയോടെ ധനുഷ്കോടിയില്‍ എത്തി. തമിഴ്നാട് ഡിജിപി ഡോ. സി. ശൈലേന്ദ്രബാബു അരിച്ചാല്‍ മുനൈ ബീച്ചില്‍ ജിയയെ സ്വീകരിച്ചു.
ആസാദി കാ അമൃത് മഹോത്സവ്, ഓട്ടിസം അവയര്‍നസ്, ഇന്ത്യ-ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തല്‍ എന്നിവയുടെ ഭാഗമായി പാരാ സ്വിമ്മിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയാണ് നീന്തലിന് നേതൃത്വം കൊടുത്തത്.
ശ്രീലങ്കന്‍ നേവിയുടെയും ഇന്ത്യന്‍ നേവിയുടെയും സഹായവും ഉണ്ടായിരുന്നു. പെട്ടെന്ന് സ്വഭാവം മാറുന്ന കടലിടുക്ക് കൂടിയാണ് പാക് കടലിടുക്ക്. യാത്രയ്ക്കു മുമ്പ് അതിവേഗതയിലുള്ള കാറ്റ് ഇവിടെയുണ്ടായിരുന്നു.
ചികിത്സയുടെ ഭാഗമായാണ് ജിയാ നീന്തലിലേക്ക് വന്നത്. അവിടെ നിന്നും അത് ജിയയുടെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഏഴുകടലുകള്‍ നീന്തിക്കടന്നിട്ടുണ്ട് ഈ കൊച്ചുമിടുക്കി.
മുമ്പ് അറബിക്കടലിലെ ഏറ്റവും അപകടം പിടിച്ച വര്‍ളി സീലിങ്ക് മുതല്‍ ഇന്ത്യാഗേറ്റ് വരെ 36 കിലോമീറ്റര്‍ ഈ പാരാസ്വിമ്മര് നീന്തിയിട്ടുണ്ട്. അതുവഴി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കി ബാത്തിലും ഇടം പിടിച്ചു.
പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാല്പുരസ്കാരവും നേടിയിട്ടുണ്ട്. ഓപ്പണ്‍ വാട്ടര്‍ പാര സ്വിമ്മറും ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിംഗില്‍ വേള്‍ഡ് റിക്കാര്‍ഡ് ഹോള്‍ഡറുമാണ് ജിയ. 2021-ലെ സ്ത്രീസമ്മാന് പുരസ്കാരവും യുപി സ്റ്റേറ്റ് റോള്‍ മോഡല്‍ പുരസ്കാരവും ജിയ നേടിയിട്ടുണ്ട്.