കാഞ്ഞാർ: സഞ്ചാരികളെ മാടിവിളിച്ച് ഒളിയറ പൊത്ത്. കൂവപ്പള്ളിക്ക് സമീപം ഇലവീഴാപൂഞ്ചിറ റോഡിൽ ഒരു കിലോമീറ്റർ ദൂരം പിന്നിട്ടാൽ ഒളിയറ പൊത്തിലെത്താം.
പാറക്കൂട്ടത്തിനിടയിലുള്ള ഒൻപതു പൊത്തുകളാണ് ഇവിടെ വിസ്മയം തീർക്കുന്നത്.
ഒരിക്കലും വറ്റാത്ത നീരുറവ ഇതിനുള്ളിലൂടെ ഒഴുകുന്നതാണ് പ്രത്യേകത. നാട്ടുകാർക്ക് ഇത് ജലസ്രോതസും വിനോദ സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയുമൊരുക്കുന്നു. നിരവധി സന്ദർശകർ ഇവിടെയെത്തുന്നുണ്ട്.
പ്രദേശവാസികളുടെ സഹായമില്ലാതെ ഇതിനുള്ളിൽ പ്രവേശിക്കുക ക്ലേശകരമാണ്. ഗുഹയിലേക്ക് കയറിയാൽ വഴിതെറ്റാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്.
താഴത്തെ പൊത്തിലൂടെ കയറി മുകളിലെത്തിയാൽ മനോഹര ദൃശ്യങ്ങൾ വീക്ഷിക്കാനാകും. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഒളിയറ പൊത്ത് ത്രിൽ പകരും.