ഷാജിമോന്‍ ജോസഫ്
കൊച്ചി: വാഹനങ്ങളുടെ രജിസ്ട്രേഷന്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി മോട്ടോര്‍വാഹന വകുപ്പിന്റെ പ്രഹരം. നിലവിലെ നിരക്കിന്റെ മൂന്നിരട്ടി മുതല്‍ എട്ടിരട്ടി വരെയാണ് വര്‍ധന.
അധിക ഫീസ് നിരക്കിലും പിഴത്തുകയിലും ഞെട്ടിക്കുന്ന വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
കേരള രജിസ്ട്രേഷനിലുള്ള കാറുകളുടെ രജിസ്ട്രേഷന് പുതുക്കുന്നതിന് ഇനി നിലവിലുള്ളതിന്റെ എട്ടിരട്ടി ചാര്‍ജ് നല്‍കേണ്ടിവരും.
നിലവില്‍ 600 രൂപയായിരുന്നത് 5,000 ആകും. അതായത് 750 ശതമാനത്തോളം വര്‍ധന. ഇരുചക്രവാഹന രജിസ്ട്രേഷന്റെ നിലവില്‍ 300 രൂപയായിരുന്ന ഫീസ് 1,000 ആയാണ് ഉയര്‍ത്തിയിട്ടുള്ളത്.
ഓട്ടോറിക്ഷകള്‍ക്ക് 600 ല്‍ നിന്ന് 2500 ആയും ഫീസ് ഉയര്‍ത്തി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കാറുകള്‍ക്കാണെങ്കില്‍ തുക ഇതിലും ഭീമമാകും.
ഇപ്പോള്‍ 500 രൂപ നല്കുന്ന സ്ഥാനത്ത് ഇനി 40,000 രൂപയാകും ചെലവ്. ഇറക്കുമതി ബൈക്കുകള്‍ക്ക് 2,500 ല്‍നിന്ന് 10,000 രൂപയായാണ് വര്‍ധന.
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കുന്നവര്‍ക്കും ഇനിയങ്ങോട്ട് ചെലവേറും.
കാറുകള്‍ക്ക് 8,000 ത്തോളം രൂപയും, ഇരുചക്രവാഹനങ്ങള്‍ക്ക് 1,000 ത്തോളം രൂപയും ഓട്ടോറിക്ഷകള്‍ക്ക് 4,000 ത്തോളം രൂപയുമാണ് ഇനി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി അധികമായി നല്‍കേണ്ടിവരിക.
അതുപോലെതന്നെ രജിസ്ട്രേഷനു കാലതാമസം വരുത്തുന്നവര്‍ക്കുള്ള അധികത്തുകയിലും പിഴത്തുകയിലും ഗണ്യമായ വര്‍ധന വരുത്തിയിട്ടുണ്ട്.
മൂന്നു മാസം വരെയുള്ള കാലതാമസത്തിന് 100 രൂപയും ആറുമാസം വരെയുള്ള കാലതാമസത്തിന് 200 രൂപയും ആറു മാസത്തിനു മുകളില്‍ വൈകിയാല്‍ 300 രൂപയും പിഴയായി ഒടുക്കേണ്ടിവരും.
ഇതുകൂടാതെ ഇരുചക്രവാഹനങ്ങള്‍ക്ക് ഓരോ മാസവും 300 രൂപ വീതവും കാറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 500 രൂപ വീതവും അധികതുകയും നല്‍കണം.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വൈകുന്നപക്ഷം അടയ്ക്കേണ്ടിവരുന്ന അധികത്തുകയും പിഴത്തുകയും വലുതാണ്.
ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഓരോ മാസത്തിനും 100 രൂപ വീതവും, കാറുകള്‍ക്ക് 150 രൂപ വീതവും മറ്റു വാഹനങ്ങള്‍ക്ക് 200 രൂപ വീതവും ഫൈന്‍ അടയ്ക്കണം. ഇതിനു പുറമേ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ വീതം അധികമായി ഈടാക്കും.
പുതുക്കിയ നിരക്കുകള്‍ അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്നും ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍വരുത്തണമെന്നും നിര്‍ദേശിച്ചുകൊണ്ടുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒമാര്‍ക്കും അയച്ചിട്ടുണ്ട്.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനുള്ള വിവിധ വാഹനങ്ങളുടെ പുതുക്കിയ നിരക്ക് ഇപ്രകാരമാണ്. (നിലവിലെ നിരക്ക് ബ്രായ്ക്കറ്റില്‍).
മോട്ടോര്‍ സൈക്കിള്‍ (മാനുവല്‍)-1,400 (400), ഓട്ടോമാറ്റിക്-1,500(600), ത്രീവീലര്‍ (മാനുവല്‍)-4,300(400), ഓട്ടോമാറ്റിക് -4,500 (800), കാര്‍ (മാനുവല്‍)-8,300 (600), ഓട്ടോമാറ്റിക്- 8,500(800), മിഡില്‍ വെഹിക്കിള്‍സ് (മാനുവല്‍)-10,800(800), ഓട്ടോമാറ്റിക്-11,300(1200), ഹെവി വെഹിക്കിള്‍സ് (മാനുവല്‍)-13,500 (800), ഓട്ടോമാറ്റിക്- 14,000 (1200).