ശ്രീജിത്ത് കൃഷ്ണൻ
ഇതിനിടയില്‍ അശോകനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി കള്ളന് അശോകന് എന്ന പേരില്‍ അശോകന്റെ പ്രൊഫൈല്‍ ചിത്രവുമായി അമ്പലത്തറ പോലീസ് വാട്സാപ് ഗ്രൂപ്പ് തുടങ്ങിയതും വാര്‍ത്തയായി.
സംസ്ഥാനത്താദ്യമായാണ് ഒരു കള്ളന്റെ പേരില്‍ പോലീസ് വാട്സാപ് ഗ്രൂപ്പ് തുടങ്ങുന്നതെന്ന വിശേഷവും ഇതിലുണ്ടായി.
വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി നാട്ടുകാരായ ചിലരെ കൂടി അഡ്മിനായി ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, ഇവര്‍ നാട്ടിലെ സാധാരണ വാട്സാപ് ഗ്രൂപ്പുകളുടെ മാതൃകയില്‍ ഒരു മാനദണ്ഡവുമില്ലാതെ തലങ്ങും വിലങ്ങും ആളുകളെ ചേര്ത്തുതുടങ്ങിയതോടെ ഗ്രൂപ്പിന്റെ ലക്ഷ്യം പാളി.
പതിവ് ഫോര്‍വേഡഡ് മെസേജുകളും അശോകനെക്കുറിച്ചുള്ള ഒരു ആധികാരികതയുമില്ലാത്ത വിവരങ്ങളുംകൊണ്ട് ഗ്രൂപ്പ് നിറഞ്ഞു.
ജാഗ്രത പാലിക്കണമെന്ന് പോലീസ്…
അതേസമയം സ്ത്രീകളെയും കുട്ടികളെയും കഴിവതും വീട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്തരുതെന്നും ആരെങ്കിലും വാതിലില്‍ മുട്ടുകയോ കോളിംഗ് ബെല്‍ അടിക്കുകയോ ചെയ്താല്‍ ആരെന്ന് കാണാതെ പെട്ടെന്ന് പോയി വാതില്‍ തുറക്കരുതെന്നും പോലീസ് തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അശോകന്റെ മോഷണശൈലി തന്നെ പട്ടാപ്പകല്‍ വീടുകയറി ആക്രമിക്കുന്നതായതിനാലാണ് ഇത്.
അതേസമയം അശോകന്റെ സ്വഭാവത്തിലെ മറ്റു ചില സവിശേഷതകളും പോലീസ് ശ്രദ്ധിച്ചിട്ടുണ്ട്. സ്വന്തം മകന്റെ കൈയൊടിച്ചതിന് ഭാര്യ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് അശോകന് ആദ്യമായി വീടുപേക്ഷിച്ച് കാടുകയറിയത്.
ഇതിനുശേഷം ഇടയ്ക്കിടെയുള്ള മോഷണങ്ങള്‍ക്കും അതിനുപിന്നാലെ ചില കൂട്ടുകാര്‍ക്കൊപ്പമുള്ള ദൂരയാത്രകള്‍ക്കും ഇടയ്ക്ക് വീട്ടിലെത്തി അമ്മയെ കാണുന്നതിനും വേണ്ടിമാത്രമാണ് കാടുവിട്ട് പുറത്തിറങ്ങിയിട്ടുള്ളത്.
ഏറ്റവുമൊടുവില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനാണ് കഴിഞ്ഞദിവസം പിടിയിലായ മഞ്ജുനാഥ്. മോഷണമുതലുകള്‍ വില്പന നടത്തി പണമാക്കുന്നത് യാത്രകള്ക്കിടയിലാണെന്നും കരുതുന്നു.
വയനാട്ടിലേക്കും തെക്കന്‍ കേരളത്തിലേക്കുമൊക്കെ ഇങ്ങനെ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഒരുപക്ഷേ ഇവിടങ്ങളിലെ ഏതെങ്കിലും കവര്ച്ചാസംഘങ്ങളുമായി ഇടപാടുകളും ഉണ്ടായിരിക്കാം.
സ്ത്രീകളോട് കടുത്ത വിരോധം…
സ്വന്തം അമ്മയൊഴികെയുള്ള സ്ത്രീകളോട് പൊതുവേ കടുത്ത വിരോധമാണ്. ഇതും ഒരുപക്ഷേ ഭാര്യ പോലീസില്‍ പരാതി നല്‍കിയതിനു ശേഷമാകാം.
വിജിതയോട് കാണിച്ച പെരുമാറ്റത്തില്‍ നിന്നും ഇത് വ്യക്തമാണ്. മഞ്ജുനാഥ് ഇയാളുടെ പ്രകൃതിവിരുദ്ധ പങ്കാളിയായിരുന്നോ എന്ന സംശയവും ഉണ്ട്. ബസ് തൊഴിലാളിയായിരുന്ന മഞ്ജുനാഥ് അത് വിട്ട് ഇയാള്‍ക്കൊപ്പം കാട്ടില്‍ കൂടിയതും ഇങ്ങനെയാകാം.
അയാളെ പോലീസില്‍ പിടിച്ചുകൊടുത്തവരോട് അശോകന് കാണിക്കുന്ന കടുത്ത വൈരാഗ്യവും ഇതുകൊണ്ടാകാം.
കുറ്റിക്കാടുകള്ക്കുള്ളിലോ പാറക്കൂട്ടങ്ങള്ക്കിടയിലോ അശോകന് ഒളിച്ചിരിക്കുന്നതുമൂലമാണ് പോലീസിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലും ഇയാളെ കണ്ടെത്താനാകാത്തത്.
ഇടയ്ക്ക് ഒരു ജനവാസമേഖലയോടുചേര്‍ന്ന് ഇയാള്‍ പുറത്തുവന്നതായി കണ്ടെങ്കിലും പോലീസ് അവിടെയെത്തുമ്പോഴേക്കും വീണ്ടും അപ്രത്യക്ഷനായിരുന്നു.
കാക്കി കണ്ടാല്‍ ഇയാള്‍ ദൂരെനിന്നുതന്നെ തിരിച്ചറിയുമെന്ന് മനസിലാക്കി സിവില്‍ വേഷത്തിലാണ് ഇപ്പോള്‍ പോലീസുകാരും തെരച്ചിലിനിറങ്ങുന്നത്.
നാട്ടുകാരും ബന്ധുക്കളുമായ ചിലരെങ്കിലും വ്യക്തിബന്ധങ്ങള്‍ വച്ച് ഇയാളെ സഹായിക്കുന്നുണ്ടെന്നും പോലീസ് സംശയിക്കുന്നു.
ആഹാരത്തിനും വെള്ളത്തിനും മുട്ടില്ലാത്തത് അതുകൊണ്ടാണ്. എന്തായാലും കൊടിയ വേനലില്‍ മൃഗങ്ങള്‍ പോലും കാട്ടില്‍നിന്നും പുറത്തുവരുന്ന കാലത്ത് ഒരു മനുഷ്യന് എത്രനാള്‍ ഇതുപോലെ കാട്ടില്‍തന്നെ കഴിയാനാകുമെന്ന സംശയമാണ് പോലീസ് പങ്കുവയ്ക്കുന്നത്.
എല്ലാ വഴികളും അടയുമ്പോള്‍ അശോകന് പുറത്തുവരാതിരിക്കില്ലെന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ പ്രതീക്ഷയും മങ്ങുകയാണ്.
മറുവശത്തുള്ള ഏതെങ്കിലും ഊടുവഴികളിലൂടെ അശോകന് കാടിന് പുറത്തു കടന്നിരിക്കാനാണ് സാധ്യതയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
പിന്നീട് ബസ് കയറി വയനാട്ടിലേക്കോ മറ്റെവിടെയെങ്കിലുമോ പോയിരിക്കാം. കാഞ്ഞിരപ്പൊയിലിലെ കാട്ടിലോ സമീപപ്രദേശങ്ങളിലോ ഇയാള്‍ ഉള്ളതിന്റെ ഒരു ലക്ഷണങ്ങളും ഇപ്പോള്‍ കാണുന്നില്ല.
അതേസമയം അശോകന്റെ വിരോധം സമ്പാദിച്ച ശ്രീധരനും അനിലുമടക്കമുള്ളവരുടെ കുടുംബങ്ങള്‍ കടുത്ത ഭീതിയിലാണ്.
ശൂന്യതയില്‍നിന്നും പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് പ്രതികാരം ചെയ്തു മടങ്ങുന്ന അശോകന്റെ രീതിയെ അവര്‍ ഏതു നിമിഷവും ഭയക്കുന്നു.
ദൂരെയെവിടെയും ജോലിക്കുപോലും പോകാനാവാതെ കുടുംബത്തിന് കാവലിരിക്കുകയാണ് ഇവരെല്ലാം.
കാടിനു മേലുള്ള നിരീക്ഷണം അല്പമൊന്ന് അയച്ചാല്‍ അശോകന് വീണ്ടും വന്നേക്കാമെന്ന കണക്കുകൂട്ടലില്‍ പോലീസും ഒരടി പിന്നോട്ടുമാറി കാത്തിരിക്കുകയാണ്.
എങ്കിലും പ്രമാദമായ കവര്ച്ചാസംഘങ്ങളുടെയോ കൊലപാതകമടക്കമുള്ള ആസൂത്രിത കുറ്റകൃത്യങ്ങളുടെയോ ഒന്നും ഭാഗമല്ലാത്ത ഒരു നാടന്‍ കള്ളന് പോലീസിനെ ഇത്രയും വലയ്ക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണ്. കാട്ടിൽ കയറിയ കള്ളനു വേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.