മകള്‍ എന്ന സിനിമയ്ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. മകള്‍ എന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ കണ്ടു പിടിച്ചത് എന്റെ മകള്‍ തന്നെയാണ്. സാധാരണ സത്യന് അന്തിക്കാട് സിനിമകള്‍ക്ക് വളരെ വൈകിയാണ് ടൈറ്റില്‍ ഇടുന്നത്.
അത് മനഃപൂര്‍വമല്ല. അദ്ദേഹം കുറച്ച് ആലോചിച്ചാണ് പേരിടുന്നത്. ഈ സിനിമയുടെ അവസാന ദിവസം ഞാന്‍ ചോദിച്ചു, പേര് ഒന്നും ആയില്ലേ? എന്ന്. ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല എന്നായിരുന്നു സത്യന് അന്തിക്കാടിന്റെ മറുപടി.
ഒരു ദിവസം എന്റെ മകള്‍ ഷൂട്ടിംഗ് കാണാന്‍ അവിടെ വന്നിരുന്നു. കാക്കനാട് ആയിരുന്നു ലൊക്കേഷന്‍. ഷൂട്ട് കാണാന്‍ കുറേ കുടുംബങ്ങളും അവിടെ എത്തിയിരുന്നു.
ആരാ കൂടെ എന്ന് അവര്‍ ചോദിച്ചപ്പോള്‍ മകളാണ്, എന്റെ മകള്‍ എന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. സത്യന് അന്തിക്കാട് അത് കേട്ടു. എന്നിട്ട് എന്റെ അടുത്തുവന്നു, ഇതാണ് നമ്മുടെ ടൈറ്റില്‍ – മകള്‍ – എന്ന് പറയുകയായിരുന്നു.
ഒരു അച്ഛന് തന്റെ മകളെ ആളുകളുടെ മുന്നില്‍ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് സത്യന് അന്തിക്കാട് തന്റെ സിനിമയ്ക്ക് മകള്‍ എന്ന് പേരിട്ടത്. -ജയറാം