സ്വന്തം ലേഖകൻ
കോട്ടയം: പ്രതിഷേധം കണക്കിലെടുത്ത് കെ-റെയിൽ സർവേ താത്കാലികമായി നിർത്തിവച്ചെന്നു അധികൃതർ പറയുന്പോഴും കോട്ടയം പാറന്പുഴ നട്ടാശേരി കുഴിയാലിപ്പടിയിൽ ഇന്നു രാവിലെ കെ-റെയിൽ കല്ലുകൾ സ്ഥാപിച്ചു.
പ്രതിഷേധക്കാർ എത്തുന്നതിനു മുന്‍പു തന്നെ അധികൃതർ എത്തി നാലിടങ്ങളിൽ കല്ലുകൾ സ്ഥാപിക്കുകയായിരുന്നു. വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിൽ വെള്ളൂപ്പറന്പ്-കുഴിയാലിപ്പടി റോഡ് ബ്ലോക്ക് ചെയ്താണ് ഉദ്യോഗസ്ഥർ കല്ലുകൾ സ്ഥാപിച്ചത്.
കല്ലുകൾ സ്ഥാപിക്കാനായി ഉദ്യോഗസ്ഥർ എത്തിയെന്ന വിവരം അറിഞ്ഞതോടെ കൗണ്‍സിലർ സാബു മാത്യു, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം പ്രിൻസ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തി കല്ലിടൽ നടപടികൾ തടഞ്ഞു.
വാക്കേറ്റവും ഉന്തും തള്ളും
പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സാബു മാത്യു, പ്രിൻസ് ലൂക്കോസ് എന്നിവരെ പോലീസ് പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ശക്തമായ പ്രതിരോധം തീർത്തു.
കല്ലുമായുള്ള വാഹനവും പോലീസും തിരിച്ചു പോകണമെന്നാണ് പ്രതിഷേധക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഇതിനിടയിൽ കല്ലുമായെത്തി വാഹനം നാട്ടുകാർ പിടിച്ചെടുക്കുകയും സ്ഥാപിച്ച 12 കല്ലുകളും നാട്ടുകാരും സമരസമിതിക്കാരും ചേർന്ന് പിഴുതെറിഞ്ഞ് വാഹനത്തിൽ കൊണ്ടു വന്നിടുകയും ചെയ്തു.
ചില കല്ലുകൾ തോട്ടിലെറിഞ്ഞു. പോലീസും കല്ലിടാൻ എത്തിയ അധികൃതരും പിരിഞ്ഞു പോകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കൂടുതൽ പ്രതിഷേധക്കാരും നാട്ടുകാരും സംഭവ സ്ഥലത്തേക്ക് എത്തികൊണ്ടിരിക്കുകയാണ്. പിഴുതെടുത്ത കല്ലുമായി നാട്ടുകാർ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തുകയാണ്.
ക്ഷമ പരീക്ഷിക്കരുതെന്ന് തിരുവഞ്ചൂർ
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സ്ഥലത്ത് എത്തി. കല്ലിടാൻ അനുവദിക്കില്ലെന്നും അധികൃതർ പിരിഞ്ഞു പോകണമെന്നും നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കരുതെന്നും തിരുവഞ്ചൂർ മുന്നറിയിപ്പു നൽകി.
കഴിഞ്ഞ മൂന്നു ദിവസമായി കുഴിയാലിപ്പടയിൽ കല്ലിടാനുള്ള നീക്കം സമരസമതി തടഞ്ഞകൊണ്ടിരിക്കുകയായിരുന്നു. സ്ഥിരം സമര പന്തലും തീർത്തിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ വകവയ്ക്കാതെ സ്ഥാപിച്ച കല്ലുകൾ സമര സമതിക്കാർ പിഴുതെറിഞ്ഞിരുന്നു.
സർവേയും കല്ലിടലും നിർത്തിവച്ചെന്ന വാർത്തകളെ തുടർന്ന് ഇന്നലെ സമരസമിതി പ്രവർത്തകർ കുഴിയാലിപ്പടയിൽ എത്തിയിരുന്നില്ല. ഇന്നും സർവേ നടപടികൾ ഇല്ലെന്ന നിഗമനത്തിലായിരുന്നു അധികൃതർ. എന്നാൽ മുന്നറിയിപ്പില്ലാതെ ഒരു വാഹനത്തിൽ കല്ലുമായി നൂറോളം പോലീസുകാരുടെ അകന്പടിയോടെ കല്ലിടാൻ അധികൃതർ എത്തുകയായിരുന്നു.
പത്തനംതിട്ടയിൽ കല്ലിടല്‍ നീര്വിളാകത്തു തുടങ്ങാന്‍ നീക്കം
പത്തനംതിട്ട: ജില്ലയില്‍ കെ റെയില്‍ കല്ലിടല്‍ 30ന് ആരംഭിക്കും. ആറന്മുള പഞ്ചായത്തിലെ നീര്‍വിളാകത്ത് കല്ലിടല്‍ തുടങ്ങുമെന്ന് കളക്ടറേറ്റില്‍ പദ്ധതി ബാധിത മേഖലകളിലെ തദ്ദേശ സ്ഥാപന അധ്യക്ഷരുടെ യോഗം വിളിച്ച് കളക്ടര്‍ അറിയിച്ചു.
ദിവസവും ഒരു കിലോമീറ്റര്‍ പ്രദേശത്ത് കല്ലുകള്‍ സ്ഥാപിക്കും.കളമശേരി ആസ്ഥാനമായ സ്വകാര്യ ഏജന്‍സിയാണ് കല്ലിടുന്നതിന് കരാര്‍ എടുത്തിരിക്കുന്നത്.