കോട്ടയം: പാലം പണി പൂർത്തിയായി; പാലത്തിൽ കയറാൻ റോഡില്ല. റെയിൽവേ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി കാരിത്താസിൽ നിർമിച്ച പുതിയ മേൽപ്പാലത്തിന്റെ പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ലെവൽ ക്രോസ് അടച്ചിട്ട് ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്.
ഇത് മെഡിക്കൽ കോളജ്, കാരിത്താസ്, മാതാ ആശുപത്രികളിലേക്ക് പോകുന്നവർക്കും മറ്റു യാത്രക്കാർക്കും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കാരിത്താസ് മേൽപ്പാലം റെയിൽവേയും സമീപപാത റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയുമാണ് (ആർബിഡിസികെ) പൂർത്തിയാക്കുക.
മാസങ്ങൾക്കു മുന്പുതന്നെ അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായതാണ്. 19 സ്ഥല ഉടമകളിൽനിന്ന് 90 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്.
400 മീറ്റർ നീളത്തിലും എട്ട് മീറ്റർ വീതിയിലും അപ്രോച്ച് റോഡ് നിർമിക്കുമെന്നാണ് പദ്ധതിയിൽ പറഞ്ഞിരിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾ നിലച്ചതോടെ പ്രദേശവാസികളും യാത്രക്കാരുമാണ് വലഞ്ഞത്.
മേൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിൽ അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന് അമലഗിരി റെസിഡന്റ്സ് വെൽഫയർ അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു.