സ്വന്തം ലേഖകൻ
തലശേരി: സംസ്ഥാനത്തെ അഭിഭാഷകരുടെ സാമൂഹിക സുരക്ഷാ പദ്ധതിയായ കേരള അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന് വ്യാജ സ്റ്റാന്പ് വഴി ആറരക്കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം കേരളത്തിലെ 90 ബാർ അസോസിയേഷനുകളിലേക്കും എത്തുന്നു.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഭിഭാഷകരുടെ കേന്ദ്രത്തിലേക്ക് സിബിഐ എത്തുന്നത്.
കോടതി മുഖാന്തിരം ബാർ അസോസിയേഷനുകൾ വഴി വില്പന നടത്തിയിട്ടുള്ള സ്റ്റാമ്പുകളുടെ കണക്കെടുക്കുകയും ഈ തുക ബാർ കൗൺസിലിൽ എത്തിയിട്ടുണ്ടോ എന്ന പരിശോധനയുമാണ് സിബിഐ പ്രാഥമിക ഘട്ടത്തിൽ നടത്തുക എന്നാണ് അറിയുന്നത്.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ആ കാലഘട്ടത്തിലെ ബാർ കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഈ കേസിൽ സിബിഐ എത്തുന്നത് നീതി ന്യായ രംഗത്ത് വലിയ ചോദ്യ ചിഹ്നമാണ് ഉയർത്തുന്നത്.
സിബിഐ കേസ് രജിസ്റ്റർ ചെയ്തതോടെ ബാർ കൗൺസിൽ സെക്രട്ടറിയെ ബന്ധപ്പെട്ടവർ പുറത്താക്കി കഴിഞ്ഞു.
ഇതേ സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി മേൽനോട്ടക്കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് കണ്ടെത്തിയവരാണ് സിബിഐ അന്വേഷണം ആരംഭിച്ചതോടെ ഇപ്പോൾ ഇതേ സെക്രട്ടറിയെ പുറത്താക്കിയിട്ടുള്ളത്.
വിജിലൻസ് അന്വേഷണം നടന്ന കേസ്
2007 മുതല്‍ 2017 വരെ നടന്ന തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്ന കേസാണ് ഇപ്പോൾ ഹൈക്കോടതി സിബിഐക്ക് കൈമാറിയിട്ടുള്ളത്.
ക്രമക്കേടുകള്‍ സംബന്ധിച്ച് 2017 സെപ്റ്റംബര്‍ രണ്ടിന് സംസ്ഥാന വിജിലന്‍സ് സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം വിജിലന്‍സ് പോലീസ് സൂപ്രണ്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഇഴയുന്നുവെന്നാരോപിച്ച് തലശ്ശേരി ജില്ല കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റുമായ തലശേരി സ്വദേശി അഡ്വ. സി.ജി. അരുണ്‍ നല്കിയ ഹർജിയിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
കേരള അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ ചെയര്മാന് അഡ്വക്കേറ്റ് ജനറലാണ്.
സംസ്ഥാന നിയമസെക്രട്ടറിയും ബാര്‍ കൗണ്‍സില്‍ നാമനിര്‍ദേശംചെയ്യുന്ന മൂന്ന് അംഗങ്ങളും ബാര്‍ കൗണ്‍സില്‍ സെക്രട്ടറി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ട്രസ്റ്റി കമ്മിറ്റിയാണ് ഫണ്ടുകള്‍ കൈകാര്യം ചെയ്യേണ്ടത്.
ബാര്‍ കൗണ്‍സില്‍ സെക്രട്ടറി ട്രസ്റ്റി കമ്മിറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ എന്ന നിലയില്‍ ബാര്‍ കൗണ്‍സില്‍ സെക്രട്ടറിയും ബാര്‍ കൗണ്‍സില്‍ ട്രഷററുമാണ് ക്ഷേമനിധിയുടെ ബാങ്കിടപാടുകള്‍ നടത്താന്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍.
30 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന്
വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍തന്നെ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിരുന്നു. 2007 തൊട്ട് 2017 വരെയുള്ള കാലയളവില്‍ 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു വെന്നാണ് ആരോപണം.
കാക്കനാട്ടെ സര്‍ക്കാര്‍ പ്രസില്‍നിന്ന് ബാര്‍ കൗണ്‍സില്‍ നേരിട്ട് അച്ചടിച്ചു വിതരണം ചെയ്യുന്ന സ്റ്റാബുകള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ സൂക്ഷിച്ചിട്ടില്ലെന്നും ക്ഷേമനിധി സ്റ്റാഫിന് സംഭവകാലത്ത് 35.47 ലക്ഷം രൂപ കണക്കില്‍പെടാതെ അധിക ശന്പളം നല്‍കിയതായും
10 വര്‍ഷക്കാലത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും വരവും സംബന്ധിച്ചുള്ള കണക്കുകളൊന്നും ഒത്തുചേരുന്നില്ലെന്നും ഏഴു വര്‍ഷക്കാലത്തോളം ബാങ്കില്‍ പണം നിക്ഷേപിച്ച ബാങ്ക് സ്ലിപ്പുകള്‍ അപ്രത്യക്ഷമായതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
വര്‍ഷാവര്‍ഷം നടത്തേണ്ട ഓഡിറ്റിംഗ് നടക്കാതിരുന്നതിനെയും രേഖകള്‍ കൃത്യമായും സത്യസന്ധമായും സൂക്ഷിക്കാതിരുന്ന നടപടിയെയും ഹൈകോടതി വിധിയില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
1980ലെ ക്ഷേമനിധി നിയമമനുസരിച്ച് ഓരോ അഭിഭാഷകനും കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഓരോ വക്കാലത്തിലും പതിക്കുന്ന കീഴ് കോടതികളില്‍ 25 രൂപയുടെയും ഹൈക്കോടതിയില്‍ 50 രൂപയുടെയും സ്റ്റാമ്പ് വില്പനയില്നിന്നും കേരള കോര്‍ട്ട് ഫീ നിയമമനുസരിച്ചുള്ള ലീഗല്‍ ബെനിഫിറ്റ് സ്റ്റാബ് വഴിയും ലഭിക്കുന്ന വരുമാനമാണ് അഭിഭാഷക ക്ഷേമനിധിയുടെ മുഖ്യവരുമാനം.
പ്രാക്ടിസ് നിര്‍ത്തിയ അഭിഭാഷകര്‍ക്കും മരണാനന്തരം അനന്തരാവകാശികള്‍ക്കും 10 ലക്ഷം രൂപ വീതം ലഭിക്കേണ്ട പണമാണ് ധനാപഹരണം മൂലം നഷ്ടമാവുന്നത്.
കോവിഡ് കാലത്തും അതിനു മുൻപും മരിച്ച അഭിഭാഷകരുടെ അനന്തരാവകാശികളും പ്രാക്ടീസ് നിര്‍ത്തിയ അഭിഭാഷകരും ക്ഷേമനിധിയില്‍ നല്കിയ അപേക്ഷകളില്‍ ഫണ്ടില്ലാത്തതുമൂലം യഥാസമയം പണം നല്‍കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു.
അഭിഭാഷക ക്ഷേമനിധിയില്‍ കോടികളുടെ അഴിമതി നടന്നിട്ടും ധനാപഹരണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും നിയമപരമായി ഒരുവിധ എക്സിക്യൂട്ടിവ് അധികാരങ്ങളും ഇല്ലാത്ത ഒരു അക്കൗണ്ടന്റിനെ മാത്രം പ്രധാന പ്രതിയാക്കി കേസന്വേഷണം മുന്നോട്ടുകൊണ്ടുപോയ വിജിലന്‍സ് നടപടിയും വിവാദമായിരുന്നു.