കട്ടപ്പന: പോക്സോ അടക്കം നിരവധി കേസുകളിലെ പ്രതിയെ ഇടുക്കിയിലെ ഭാര്യവീട്ടിൽ നിന്നും പോലീസ് പിടികൂടി.
കന്പംമെട്ട് കൂട്ടാർ ഈറ്റക്കാനം ചെരുവിള പുത്തൻവീട്ടിൽ താമസിക്കുന്ന സജി (46) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശിയായ ഇയാൾ വർഷങ്ങളായി കൂട്ടാറിലെ ഭാര്യ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.
തൃശൂർ ചുവന്ന മണ്ണ് ഭാഗത്ത് ബിവറേജ് ഒൗട്ട് ലെറ്റ് കുത്തി തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
കേസിൽ ഇയാൾക്കെതിരെ തെളിവു ലഭിച്ചതിനെ തുടർന്ന് വിവരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന് തൃശൂർ പോലീസ് വിവരം കൈമാറിയിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൃശൂർ, പാലക്കാട് ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
ജില്ലയിലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മോഷണക്കേസും കന്പംമെട്ട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസും നിലവിലുണ്ട്.
പ്രതിയെ പീച്ചി പോലീസിനു കൈമാറി. എസ്ഐ സജിമോൻ ജോസഫ്, സിപിഒമാരായ ജോബിൻ ജോസ്, ടോണി ജോണ്, വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.