വെല്ലൂർ: ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ച് തമിഴ്നാട്ടിൽ അച്ഛനും മകളും മരിച്ചു.
തമിഴ്നാട് വെല്ലൂരിലാണു സംഭവം. ദുരൈവർമ, മകൾ മോഹനപ്രീതി എന്നിവരാണു മരിച്ചത്.
വീടിന്റെ വരാന്തയിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജു ചെയ്യാനായി വച്ചിരുന്നു. പുലർച്ചെയോടെ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു തീ പടർന്നു.
സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചിരുന്നു.
തുടർന്നു വീട്ടിലേക്കു തീ പടർന്നതോടെ പുറത്തുകടക്കാനാകാതെ ശുചിമുറിയിൽ അഭയം തേടിയ അച്ഛനും മകളും ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.
വെല്ലൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.