മുംബൈ: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിന്റെ ഉദ്ഘാടനമത്സരത്തിൽ കോൽക്കത്ത നൈറ്റ്റൈഡേഴ്സിനു ജയം.
കോൽക്കത്ത് ആറു വിക്കറ്റുകൾക്ക് നിലവിലെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി.
സ്കോർ: ചെന്നൈ 20 ഓവറിൽ അഞ്ചിന് 131. കോൽക്കത്ത 18.3 ഓവറിൽ നാലു വിക്കറ്റിന് 133. അജിങ്ക്യ രഹാനെ (44), സാം ബില്ലിംഗ്സ് (25), നിതീഷ് റാണ (21), ശ്രേയസ് അയ്യർ (20 നോട്ടൗട്ട്), വെങ്കിടേഷ് അയ്യർ (16) എന്നിവരുടെ പ്രകടനമാണ് അനായാസ ജയമൊരുക്കിയത്.
ടോസ് നേടിയ കോൽക്കത്ത നായകൻ ശ്രേയസ് അയ്യർ ചെന്നൈയെ ബാറ്റിംഗിനു വിടുകയായിരുന്നു. പുറത്താകാതെ 50 റണ്‍സ് നേടിയ മഹേന്ദ്ര സിംഗ് ധോണിയുടെ മികവിലാണ് ചെന്നൈ 131 റണ്‍സിലെത്തിയത്. റോബിൻ ഉത്താപ്പ (28), രവീന്ദ്ര ജഡേജ (26 നോട്ടൗട്ട്) ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു.
61 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ ചെന്നൈയെ ആറാം വിക്കറ്റിൽ ഒരുമിച്ച രവീന്ദ്ര ജഡേജയും മഹേന്ദ്ര സിംഗ് ധോണിയും ചേർന്നാണ് പൊരുതാനുള്ള സ്കോറിലെത്തിച്ചത്.
പിരിയാത്ത ധോണി-ജഡേജ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 70 റണ്‍സാണ് പിറന്നത്. ഇതിൽ 50 റണ്‍സും ധോണിയുടെ വകയായിരുന്നു. 38 പന്ത് നേരിട്ട ധോണി ഏഴു ഫോറും ഒരു സിക്സുമാണ് നേടിയത്.
ഉമേഷ് യാദവ് രണ്ടും വരുണ്‍ ചക്രവർത്തിയും ആന്ദ്രെ റസലും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ അജിങ്ക്യ രഹാനെയും വെങ്കിടേഷ് അയ്യരും 43 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു.
വെങ്കിടേഷ് അയ്യരുടെ (16) വിക്കറ്റ് വീഴ്ത്തി ഡ്വെയൻ ബ്രാവോ സഖ്യം പൊളിച്ചു. മറുവശത്ത് രഹാനെ മികച്ച ബാറ്റിംഗ് കാഴ്ച്ചതോടെ കോൽക്കത്ത ജയത്തോട് അടുത്തു.
നിതീഷ് റാണയെയും (21) പുറത്താക്കി ചെന്നൈയ്ക്കു രണ്ടാം വിക്കറ്റ് സമ്മാനിച്ചു. 34 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 44 റണ്‍സ് നേടിയ രഹാനെയെ മിച്ചൽ സാന്റ്നർ പുറത്താക്കി.
ബില്ലിംഗ്സിന്റെ വിക്കറ്റുമായി ബ്രാവോ മൂന്നു വിക്കറ്റിലെത്തി. ഇതോടെ ബ്രാവോ ഐപിഎൽ 170 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്തുള്ള ലസിത് മലിംഗയ്ക്കൊപ്പമെത്തി.