തിരുവനന്തപുരം : ബാർ ഹോട്ടലിനു മുന്നിൽ നിന്നും മധ്യവയസ്ക്കനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ മാലയും ബ്രേസ് ലെറ്റും പിടിച്ചുപറിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി.
ചിറമുക്ക് സ്വദേശി കൂടം പ്രകാശ് എന്നു വിളിക്കുന്ന സൂര്യകുമാർ (38) നെയാണ് ഫോർട്ട് പോലീസ് അറസ്റ്റു ചെയ്തത്.മാർച്ച് 12നാണ് സംഭവം നടന്നത്.
പ്രതി സൂര്യകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം കൈമനം സ്വദേശിയായ പത്മനാഭനെ ഓട്ടോറിക്ഷയിൽ തട്ടികൊണ്ടുപോയി ആറ്റുകാലിനു സമീപം ചിറമുക്കിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ച് സ്വർണമാലയും ബ്രേസ് ലെറ്റും പിടിച്ചുപറിച്ച ശേഷം ബണ്ടുറോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഒളിവിലായിരുന്ന പ്രതിയെ ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകിന്റെ നിർദേശപ്രകാരം ഫോർട്ട് എസിപി, എസ്. ഷാജിയുടെ നേതൃത്വത്തിൽ ഫോർട്ട് എസ്എച്ച്ഒ, ജെ.രാകേഷ്, എസ്ഐമാരായ ഉണ്ണികൃഷ്ണൻ, സന്തോഷ്, എഎസ്ഐമാരായ അൽഫിൻ ജോസ്, അജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.
മോഷണം പോയ മുതലുകൾ ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.