ആലപ്പുഴ: ഇടുക്കി രാജമലയിലെ പുല്‍മേടുകളിൽ പുതിയ ഇനം ഓര്‍ക്കിഡ് സസ്യത്തെ കണ്ടെത്തി. സെയ്ഡന്‍ഫിയ മണിക്കാതില എന്നാണ് ചെടിയുടെ ശാസ്ത്രനാമം.
പരമ്പരാഗത കര്ണാലങ്കാരമായ മണിക്കാതിലയോട് സമാനമായ ഇവയുടെ ദളങ്ങളാണ് പേരിനാധാരം. 12 സെന്റിമീറ്റർ വരെ വലിപ്പം വയ്ക്കുന്ന ചെടികളിലെ പൂക്കൾക്ക് പര്‍പ്പിള്‍ നിറമാണ്.
നിലംപറ്റി വളരുന്ന കട്ടിയുള്ള ഇലകളും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യയില്‍ സെയ്ഡന്‍ഫിയ എന്ന ജനുസില്‍ ഇവയെക്കൂടാതെ അഞ്ചിനങ്ങളെ ഇതിനോടകം ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി പുതിയ ഇനത്തിന്റെ നടുദളം വീതിയേക്കാള്‍ നീളമുള്ളവയാണ്.
പത്തോളം സസ്യങ്ങളെ മാത്രമേ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് കണ്ടെത്താനായുള്ളു എന്നതിനാല്‍ അതീവസംരക്ഷണ പ്രാധാന്യം ഇവയ്ക്ക് കല്പ്പിക്കുന്നു.
ആലപ്പുഴ സനാതനധര്‍മ കോളജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകന് ഡോ. ജോസ് മാത്യു, വയനാട് സ്വാമിനാഥന് ഫൗണ്ടേഷനിലെ സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ സലിം പിച്ചന്, കേരള യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. പി.എം. രാധാമണി, ചെമ്പഴന്തി എസ്.എന്‍. കോളജ് അധ്യാപിക ഡോ. എസ്. ഉഷ എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍.
പോളണ്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ബിആര്‍സി ശാസ്ത്രമാസികയുടെ പുതിയ ലക്കത്തില്‍ ഇവയെക്കുറിച്ചുള്ള പ്രബന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.