ആലുവ: ‘ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. തന്റെ റേഡിയോ പ്രഭാഷണ പരന്പര ‘മൻ കി ബാത്ത്’ലൂടെയാണ് പരിസ്ഥിതി പ്രവർത്തകനായ ശ്രീമൻ നാരായണൻ ആവിഷ്ക്കരിച്ച പദ്ധതിയെ പ്രധാനമന്ത്രി പ്രശംസിച്ചത്.
ജലസംരക്ഷണത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെ അദ്ദേഹം ഈ പദ്ധതി എല്ലാവർക്കും പ്രചോദനമാകട്ടെയെന്നും പറഞ്ഞു.
ദാഹം ശമിച്ച പക്ഷികളുടെ അനുഗ്രഹമാണ് ഒരു ദശാബ്ദം നീണ്ട നിശബ്ദ സേവനം പ്രധാനമന്ത്രിയുടെ പരാമർശത്തിലൂടെ രാജ്യം മുഴുവൻ അറിയപ്പെടാൻ കാരണമായതെന്ന് ശ്രീമൻ നാരായണൻ ദീപികയോടു പറഞ്ഞു.
പത്തു വർഷം കൊണ്ട് ഒരു ലക്ഷം മൺപാത്രങ്ങളാണ് പറവകൾക്ക് കുടിവെള്ളം കരുതുന്നതിനായി വിതരണം ചെയ്തത്.
ഇതിലൂടെ രാജ്യത്തെ ചെറിയ മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരികയാണ് പ്രധാനമന്ത്രി ചെയ്തതെന്നു പറഞ്ഞ ശ്രീമൻ അദ്ദേഹത്തിന്റെ വാക്കുകൾ തനിക്ക് കൂടുതൽ ഊർജം നൽകുന്നതായും വ്യക്തമാക്കി.
മഹാത്മാ ഗാന്ധിയുടെ വിവിധ ആശ്രമങ്ങൾ വഴി ലോകമെമ്പാടും മൺപാത്രങ്ങൾ എത്തിക്കുന്ന പദ്ധതിയുടെ തിരക്കിലാണ് ഇപ്പോൾ ശ്രീമൻ നാരായണൻ.
സബർമതി ആശ്രമത്തിലെത്തുന്ന വിദേശികൾ സ്വരാജ്യത്തേക്ക് മൺപാത്രവും ‘ജീവജലം സൂക്ഷിക്കുക’ എന്ന സന്ദേശവുമായി മടങ്ങുകയെന്നതാണ് പദ്ധതി.
കേരളത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് പോലുള്ള സംഘടനകളുടെ സഹായത്തോടെയാണ് വിവിധ ജില്ലകളിലെ വിദ്യാർഥികൾക്ക് മൺപാത്രം വിതരണം ചെയ്യുന്നത്.
മൺപാത്ര വിതരണം ഒരു ലക്ഷം തികച്ച വേളയിലാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനവുമെത്തുന്നത്. ലോകത്താദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതെന്നു അന്വേഷിച്ചു കണ്ടെത്തിയ തൈവാനിലെ ദി സുപ്രീം മാസ്റ്റര്‍ ചിംങ്ഹായ് ഇന്റര്‍നാഷണല്‍ അസോസിയേഷന് മൂന്നു വര്‍ഷം മുമ്പ് അവരുടെ ദി വേള്‍ഡ് കംപാഷന്‍ അവാര്‍ഡ് നല്കി ശ്രീമന്‍ നാരായണനെ ആദരിച്ചിരുന്നു.