എരുമേലി: ഇത്തിരിപ്പോന്ന പഴയ വീട്ടിലെ ചെറിയ ഹോട്ടലില്‍ പൊറോട്ടയടിച്ച് അമ്മയെയും കൊച്ചു കുടുംബത്തെയും സഹായിക്കുന്ന അനശ്വര ഇനി അഭിഭാഷക ഗൗണ്‍ അണിയാന്‍ എൻറോള്‍മെന്റിനുള്ള തയാറെടുപ്പില്‍.
എല്‍എല്‍ബി പാസായതോടെ ജീവിതത്തിനന്റെ പുതിയ തീരങ്ങളിലേക്ക് സഞ്ചരിക്കാനൊരുങ്ങുകയാണ് അനശ്വര.എരുമേലി കുറുവാമുഴി കാശാന്‍കുറ്റിയില്‍ സുബിയുടെ മകളായ അനശ്വരയുടെ പൊറോട്ടയടി ഏറെ വൈറലായ വാര്‍ത്തയായിരുന്നു.
സുപ്രീം കോടതി ജഡ്ജി മുതല്‍ സിനിമാ താരങ്ങളും ജനപ്രതിനിധികളും ഉള്‍പ്പടെ ഒട്ടേറെ പേരാണ് വാര്‍ത്തയെ തുടര്‍ന്ന് സഹായങ്ങളുമായി എത്തിയത്.
പിതാവ് നാട് വിട്ടുപോയതോടെ സ്വന്തം വീടും സ്ഥലവും ഇല്ലാതെ രണ്ടു പെണ്മക്കളുമായി കുടുംബവീട്ടില്‍ ചെറിയ ഹോട്ടല്‍ തുടങ്ങിയ അമ്മയെ സഹായിച്ചു തുടങ്ങിയപ്പോഴാണ് ഇളയ മകള്‍ അനശ്വര പൊറോട്ടയടി പരിശീലിച്ചത്.
പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി സുഹൃത്തുക്കള്‍ കോളജിലെ ഫേസ്ബുക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി.
വാര്‍ത്തകളെത്തുടര്‍ന്ന് ഒട്ടേറെ സഹായഹസ്തങ്ങള്‍ അനശ്വരക്ക് താങ്ങാകാന്‍ എത്തി. സഹപാഠികള്‍ക്കിടയില്‍ അനശ്വരയുടെ വിളിപ്പേര് പൊറോട്ട എന്നായി മാറുകയും ചെയ്തു.
തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജില്‍നിന്ന് എല്‍എല്‍ബി പഠനം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസമാണ് പരീക്ഷ പാസായി റിസല്‍ട്ട് എത്തിയത്.
ഇനി എൻറോള്‍മെന്റ് കൂടി കഴിയുന്നതോടെ ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച അഭിഭാഷക വേഷം അനശ്വരയ്ക്ക് സ്വന്തമാകും.
അഭിഭാഷകയാകുന്നതിനും ആഗ്രഹം പോലെ ജഡ്ജി ആകുന്നതിനുമൊക്കെ പഠനത്തിനും പരിശീലനത്തിനും സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചത് പൊറോട്ടയടിയിലൂടെയാണെന്നുള്ളത് ഒരിക്കലും മറക്കില്ലെന്നും അമ്മയെ സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി അനശ്വര പറഞ്ഞു.