പരിയാരം: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവറെ ബിയര്‍ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രനാണ് കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ചയാണ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന് സമീപത്താണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഒരാള്‍ക്ക് ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റത്.
പിലാത്തറ സി.എം. നഗറിലെ പി. റിജേഷി (31) നാണ് കുത്തേറ്റത്. ഉടന്‍ തന്നെ ഇയാളെ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച തന്നെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ നാലാമത്തെ പ്രതിയെയും ഡി വൈ എസ് പി കസ്റ്റഡിയിലെടുക്കുകയും നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കുളപ്പുറം സ്വദേശി ശരത്ത്, ശ്രീസ്ഥ സ്വദേശികളായ അശ്വിന് ചന്ദ്രന്, പിതാവ് ചന്ദ്രന്, കടന്നപ്പള്ളി ജയേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വധശ്രമത്തിനും ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചതിനുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. പരിയാരത്ത് ഫ്രീസര്‍ സംവിധാനമുള്ള ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം പതിവാണ്.
അത്തരമൊരു തര്‍ക്കമാണ് ഞായറാഴ്ച ഏറ്റുമുട്ടലില്‍ കലാശിച്ചത്. അതിനിടെ രണ്ടു പേര് ചേര്‍ന്ന് റിജേഷിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.