കാട്ടാക്കട : പ്രായം 104, ഇപ്പോ ഴും വിദ്യാർഥിയായ ജെയിംസിന് പരീക്ഷയ്ക്ക് കിട്ടിയത് 150ൽ 150 മാർക്ക്. സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിലാണ് ഈ വയോധികൻ മികവ് കാട്ടിയത്. വിളപ്പിൽശാല ചൊവ്വള്ളൂർ ജീജു ഭവനിൽ ജെയിംസിനാണ് 150 മാർക്കിൽ 150തും ലഭിച്ചത്.
സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ പഠ്ന ലിഖ്ന അഭിയാൻ പദ്ധതി പ്രകാരം 11 പേരാണ് പരീക്ഷ എഴുതിയത്. അവരിൽ ഏറ്റവും പ്രായമുള്ളത് ജെയിംസായിരുന്നു.
കണ്ണട വയ്ക്കാതെയാണ് ജെയിംസ് ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയും ശരി അടയാളമിട്ടും മൂന്ന് മണിക്കൂർ ദൗർഘ്യമുള്ള പരീക്ഷ എഴുതിയത്.
വിളപ്പിൽ പഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിലെ സൂസി,കുമാരി ഹെപ്സിയറ്റ് മണി എന്നിവരായിരുന്നു പ്രേരക്മാർ.ജെയിംസിന്റെ ഭാര്യ 2018ൽ മരിച്ചു.
നാല് മക്കളും അവരുടെ മക്കളും ചെറുമക്കളുമായി 16 പേരുണ്ട്. ഈ പ്രായത്തിലും പഠനത്തിന് പ്രാധാന്യം നൽകാൻ മനസ് കാട്ടിയ ജെയിംസ് മറ്റുള്ളവർക്കും മാതൃകയാണെന്നും അദ്ദേഹത്തെ വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഉപഹാരം നൽകി അനുമോദിക്കുമെന്നും വാർഡ് അംഗം ചന്ദ്രബാബു പറഞ്ഞു .
ഒപ്പം പഠിച്ച പരുത്തൻപറ സ്വദേശിനികളായ ജ്ഞാനമ്മ (89), സിസിലിയമ്മ ( 85) എന്നിവർ ഉൾപ്പടെ 10 പേർക്കൊപ്പമാണ് ജയിംസും മൂന്നുമണിക്കൂർ പരീക്ഷ എഴുതിയത്.
ഫലം വന്നപ്പോൾ എല്ലാവരേയും പിന്നിലാക്കി ഒന്നാം സ്ഥാനക്കാരനായി. ജയിംസ് സ്കൂളിൽ പോയിട്ടില്ല. കുട്ടിക്കാലം മുതൽ കുടുംബം പോറ്റാൻ ജോലി ചെയ്തു.
വീട്ടിൽ മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമായി ഇപ്പോൾ 20 പേരുണ്ട്. നാല് തലമുറയെ തലോലിച്ച സംതൃപ്തിയിലാണ് ജീവിതം.
പേരക്കുട്ടികൾ പാഠ ഭാഗങ്ങൾ വായിക്കുന്നത് കേൾക്കുമ്പോൾ തുടങ്ങിയ ആഗ്രഹമാണ് ജയിംസിനെ സാക്ഷരതാ ക്ലാസിലെത്തിച്ചത്.