തിരുവനന്തപുരം: ദേശീയ പണിമുടക്കിലെ അക്രമം ബന്ദിനും ഹർത്താലിനും സമാനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ജനങ്ങളുടെ കരണത്തടിക്കാനും തുപ്പാനും ഒരു സമരക്കാർക്കും സ്വാതന്ത്ര്യമില്ല. ഇതാണോ നവകേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഐഎൻടിയുസി കോൺഗ്രസിന്റെ പോഷകസംഘടനയല്ല. എന്നിരുന്നാലും പണിമുടക്ക് അക്രമത്തിലേക്ക് മാറിയതിൽ ഐഎൻടിയുസിയെ നിലപാട് അറിയിക്കുമെന്നും സതീശൻ പറഞ്ഞു.
അക്രമ സംഭവങ്ങളിൽ കോൺഗ്രസുകാർ പങ്കെടുത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസിലേക്കുള്ള ട്രേഡ് യൂണിയൻ മാർച്ച് ചിലരുടെ അസഹിഷ്ണുതയാണെന്നും സതീശൻ കുറ്റപ്പെടുത്തി. മാധ്യമ സ്ഥാപനത്തിന് മുന്നിലെ സമരത്തോട് ഒരിക്കലും യോജിക്കാനാകില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
സിപിഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീമിനെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു വി. ജോണ് ആക്ഷേപിച്ചതിൽ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകൾ ചാനൽ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.
എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേദമായിരുന്നെങ്കില് അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നുവെന്നാണ് വിനു ചാനൽ ചർച്ചയിൽ പറഞ്ഞത്.