പത്തനംതിട്ട: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയും മന്ത്രിയുമായ സജി ചെറിയാനെതിരേ ഗുരുതര ആരോപണങ്ങളുമായി കെ റെയിൽ വിരുദ്ധ സമിതി.
തന്റെ മണ്ഡലത്തില്‍ സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന മുളക്കുഴ പ്രദേശങ്ങളിലെ വീടുകളിലെത്തി സ്ഥലം വിട്ടുകൊടുത്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നു പറഞ്ഞു വീട്ടുടമകളെ ഭീഷണിപ്പെടുത്തിയ നടപടി അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് കെ റെയില്‍ വിരുദ്ധ സമിതി ആരോപിച്ചു.
ചില വീടുകളില്‍ അദ്ദേഹം നേരിട്ടു പ്രവേശിച്ചു ഗുണ്ടകളെ ഉപയോഗിച്ചു കെ റെയിലിന്റെ കുറ്റികള്‍ സ്ഥാപിച്ചിട്ട് അതിന്റെ ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും സമിതി കുറ്റപ്പെടുത്തി.
ഉടമകളുടെ സമ്മതവും അനുമതിയും ഇല്ലാതെ വീടുകളില്‍ അതിക്രമിച്ചു കയറി കെ റെയില്‍ കല്ല് സ്ഥാപിച്ചത് മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിനു നിരക്കാത്തതും നിയമവിരുദ്ധവുമാണ്,
സര്‍വേ നടത്താനും അതിരടയാള കല്ല് സ്ഥാപിക്കാനും അധികാരമുള്ളത് അതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ്. മന്ത്രിക്ക് ഇക്കാര്യത്തില്‍ ഒരു അധികാരവുമില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.
ഇതിനിടെ, പത്തനംതിട്ടയിലെ പ്രളയയബാധിത മേഖലകളില്‍ മണ്ണിട്ടുയര്‍ത്തി പാത നിര്‍മിച്ചാല്‍ പ്രളയജലം ഒഴുകിപ്പോകാന്‍ മാര്ഗമില്ലാതാകുമെന്നു നാട്ടുകാർ ആശങ്കപ്പെടുന്നു.
പ്രളയജലം കയറിക്കിടക്കുന്ന പ്രദേശങ്ങളില്‍ തടസമുണ്ടാക്കുന്നതു ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇവർ പറയുന്നു.
2018 മുതല്‍ തുടര്‍ച്ചയായ പ്രളയം നേരിട്ടുവരുന്ന പത്തനംതിട്ടയിലെ ആറന്മുള, കോയിപ്രം, ഇരവിപേരൂര്‍, കവിയൂര്‍, കല്ലൂപ്പാറ വില്ലേജുകളിലെ പ്രദേശങ്ങളിലൂടെയാണ് നിര്‍ദിഷ്ട കെ റെയില്‍ അലൈന്മെന്റ് നിശ്ചയിച്ചിട്ടുള്ളത്.
2018ലെ മഹാപ്രളയത്തില്‍ മാലക്കരയിലെ ദേശീയ ജലകമ്മീഷന്റെ മാപിനിയും ഓഫീസും മുങ്ങിപ്പോയതാണ്. അവസാനം മാലക്കരയില്‍ രേഖപ്പെടുത്തിയ ജലനിരപ്പ് 13 മീറ്ററിലധികമാണ്.
2018ലേതിലും ഭീകരമായ പ്രളയം 2021 ഒക്ടോബറിലുണ്ടായ പ്രദേശമാണ് കല്ലൂപ്പാറ. കല്ലൂപ്പാറയില്‍ ദേശീയ ജലകമ്മീഷന് രേഖപ്പെടുത്തിയ കണക്കില്‍ മണിമലയാറ്റിലെ ജലനിരപ്പ് 8.7 മീറ്ററിലെത്തിയിരുന്നു.
പന്പ, മണിമല നദികള്‍ക്കു കുറുകെയാണ് കെ റെയില്‍ കടന്നുപോകുന്നത്. ആറന്മുള പഞ്ചായത്തിലെ ആറാട്ടുപുഴ ഭാഗത്താണ് പാത ജില്ലയില്‍ പ്രവേശിക്കുന്നത്.
കോയിപ്രം പഞ്ചായത്തിലെ മീനാറുംകുന്ന് ഭാഗത്ത് പന്പാനദി കടന്നു നെല്ലിമല വഴി ഇരവിപേരൂരിലെത്തും.
ഇരവിപേരൂരിനും നെല്ലാടിനും മധ്യേ ടികെ റോഡ് മുറിച്ചു കടക്കും. പൂവപ്പുഴ സുബ്രഹ്ണ്യ സ്വാമി ക്ഷേത്രത്തിനു സമീപം മണിമലയാര്‍ മുറിച്ചു കടന്നു കല്ലൂപ്പാറ പഞ്ചായത്തില്‍ പ്രവേശിക്കും.