തൊടുപുഴ/ തിരുവനന്തപുരം:ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തി കൊണ്ടു വന്ന വൻ കഞ്ചാവു ശേഖരം ദിണ്ടുക്കലിൽ പിടി കൂടി.
ഇടുക്കി എൻഫോഴ്സ്മെന്റ് സ്ക്വാഡും ദിണ്ടുക്കൽ എൻഐബി ഉദ്യോഗസ്ഥരും ചേർന്നാണ് ടോറസ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന 225 കിലോ കഞ്ചാവ് പിടി കൂടിയത്.
കന്പത്തെത്തിക്കുന്ന കഞ്ചാവ് ഇവിടെ നിന്നും ഇടുക്കി അതിർത്തി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പദ്ധതി.
രഹസ്യവിവരം
വലിയ തോതിൽ കഞ്ചാവ് കടത്തികൊണ്ടു വരുന്നുണ്ടെന്ന് കേരളാ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
നാർക്കോട്ടിക് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി എക്സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരം വണ്ടിപ്പെരിയാർ എക്സൈസ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ബി.രാജ്കുമാർ , സിവിൽ എക്സൈസ് ഓഫീസർ ടി.എ.അനീഷ് എന്നിവരാണ് തമിഴ്നാട്ടിലെത്തി ദിണ്ടുക്കൽ മേഖലയിൽ തമിഴ്നാട് എക്സൈസ് ഉദ്യോഗസ്ഥരുമായിചേർന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പേപ്പർ ലോഡിന്റെ മറവിൽ
റോഡിൽ നടത്തിയ പരിശോധനയിൽ ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ടിഎൻ52 ക്യു 1587 നന്പർ ടോറസ് ലോറി കണ്ടെത്തി.
കഞ്ചാവ് കടത്തികൊണ്ട് വന്ന തമിഴ്നാട് സേലം ജില്ലയിൽ ശങ്കരഗിരി സ്വദേശി അരുണ്‍കുമാർ (33), കൃഷ്ണഗിരി ജില്ലയിൽ ബെർഗൂർ താലൂക്കിൽ അഞ്ചൂർ സ്വദേശി ഷണ്മുഖം (58) എന്നിവരെ അറസ്റ്റ് ചെയ്തു. പേപ്പർ ലോഡിന്റെ മറവിലാണ് കഞ്ചാവ് കടത്തി കൊണ്ട് വന്നത്. തുടർന്ന് ദിണ്ടുക്കൽ എൻഐബി ഉദ്യേഗസ്ഥരെ വിളിച്ച് വരുത്തി കേസെടുത്തു.
പ്രതിഫലമായി…
ദിണ്ടുക്കൽ എൻഐബി ഡിഎസ്പി പുകഴേന്തി, ഇൻസ്പെക്ടർമാരായ രമേശ്, അനിത സബ്ഇൻസ്പെക്ടർ പ്രേംകുമാർ, കോണ്‍സ്റ്റബിൾമാരായ ഗോകുലപാലൻ, രാജു , സെൽവരാജ്, വിശ്വനാഥൻ, ആനന്ദ് കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
കേരളത്തിലെ കഞ്ചാവിന്റ് മൊത്തക്കച്ചവടക്കാരൻ ആയ മധുര കീരിപെട്ടി സ്വദേശിക്കു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ആന്ധ്രയിൽ നിന്നും ദിണ്ടുക്കൽ വരെ കൊണ്ടുവരുന്നതിന് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്നും കേരള – തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ സൂക്ഷിച്ചതിനു ശേഷം കേരളത്തിലേക്ക് കടത്താൻ വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും പ്രതികൾ അന്വേഷണ സംഘത്തിനു മൊഴി നൽകി.