കോട്ടയം: യുഡിഎഫിൽ സംഘാടനത്തിന്റെ കുറവുണ്ടെന്നും പല പരിപാടികളും തന്നെ അറിയിക്കുന്നില്ലെന്നും മാണി സി. കാപ്പൻ എംഎൽഎ. യുഡിഎഫിലെ പല കക്ഷികളും തൃപ്തരല്ല.
എന്നാൽ ഒരു കാരണവശാലും മുന്നണി മാറി എൽഡിഎഫിലേക്കു പോകില്ലെന്നും മാണി സി. കാപ്പൻ രാഷ്്ട്രദീപികയോടു പറഞ്ഞു.
കത്തു നല്കും
യുഡിഎഫിലെ പരിപാടികൾ തന്നെ അറിയിക്കാത്തതിൽ പരാതിയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുതിർന്ന കോണ്ഗ്രസ് നേതാക്കൾക്കു ഉടൻ കത്തു നല്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മാണി സി. കാപ്പൻ പറഞ്ഞു.
പാലാ കെഎസ്ആർടിസി സമുച്ചയത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടും വിവാദമുയർന്നിരിക്കുകയാണ്. ഉദ്ഘാടനവുമായി ബന്ധപ്പെട്ടു വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകളിൽ നിന്നും സ്ഥലം എംഎൽഎയായ മാണി സി. കാപ്പന്റെ പേരും ചിത്രവും ഒഴിവാക്കിയതാണ് വിവാദത്തിലായത്.
ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും വലിയ രീതിയിലാണ് പ്രതിഷേധം ഉയർന്നത്. ഇതു പാലായിലെ രാഷ്്ട്രീയ വടംവലിയുടെ ഭാഗമാണെന്നും സംസാരമുണ്ട്. ഇതോടെയാണ് സംഭവം വിവാദമായത്.
അധ്യക്ഷപദവി വിവാദം
അതേസമയം കെഎസ്ആർടിസി കെട്ടിട സമുച്ചയം ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കുന്പോൾ സ്ഥലം എംഎൽഎയാണ് അധ്യക്ഷ പദവി അലങ്കരിക്കേണ്ടത്.
എന്നാൽ പരിപാടിയിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അധ്യക്ഷത പദവി മന്ത്രിയ്ക്കു ലഭിക്കും. ഇതോടെ നാളെത്തെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി.
തുടർന്നു മുഖ്യപ്രഭാഷണമാണ് മാണി സി. കാപ്പനു ലഭിച്ചിരിക്കുന്നത്. അതേസമയം ഇത്തരം കാര്യങ്ങൾ മുഖവിലയ്ക്കു എടുക്കുന്നില്ലെന്നും പാലായിലെ ജനങ്ങൾക്കു തന്നെ അറിയാമെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.