ബസില്‍ വച്ച് തന്നെ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് ഏവര്‍ക്കും മാതൃകയായിരിക്കുകയാണ് കരിവെള്ളൂര്‍ സ്വദേശി പി ടി ആരതി.
ബസില്‍ നിന്ന് ഇറങ്ങിയോടിയ ഞരമ്പനെ അവള് ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സ്വകാര്യ ബസ് പണിമുടക്ക് ദിവസങ്ങളിലൊന്നിലാണ് സംഭവം നടന്നത്. സ്വകാര്യ ബസുകള്‍ ഇല്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ബസിലായിരുന്നു ആരതിയുടെ യാത്ര.
ബസില്‍ നല്ല തിരക്കായിരുന്നു. കരിവെള്ളൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടെക്ക് പോകുന്നതിനിടെയാണ് ആരതിക്ക് ഈ ദുരനുഭവം ഉണ്ടാകുന്നത്.
നീലേശ്വരത്തെത്തിയപ്പോള് ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ ആരംഭിച്ചു. പലതവണ മാറി നില്ക്കാന് പറഞ്ഞെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.
ബസിലുള്ളവര്‍ ആരും പ്രതികരിക്കാതിരിക്കുകയും അയാള്‍ ഉപദ്രവം തുടരുകയും ചെയ്തതോടെ ആരതി പിങ്ക് പോലീസിനെ വിളിക്കാന്‍ ഫോണെടുത്തു.
ഇതോടെ അടുത്ത സ്റ്റോപ്പായ കാഞ്ഞങ്ങാട്ട് വണ്ടി നിര്‍ത്തിയതും അയാള്‍ ഉടനെ ഇറങ്ങിയോടി. അയാളെ അങ്ങനെ വെറുതെ വിടില്ലെന്ന് തീരുമാനിച്ച ആരതി പിന്നാലെയോടി.
100 മീറ്റര്‍ ഓടിയതോടെ അയാള്‍ ഒരു ലോട്ടറി കടയ്ക്ക് മുന്നില്‍ ലോട്ടറി വാങ്ങാനെവന്ന വ്യാജേന നില്‍പ്പുറപ്പിച്ചിരുന്നു.
ഇത് മനസ്സിലാക്കിയ ആരതി തൊട്ടടുത്തുള്ളവരോട് കാര്യം പറയുകയും ആളുകള്‍ ഇയാളെ പിടിച്ച് വയ്ക്കുകയും ചെയ്തു. ഉടനെ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.
മാണിയാട്ട് സ്വദേശിയായ 52കാരന് രാജീവനാണ് പോലീസ് പിടിയിലായത്. ബസില്‍ വച്ചുതന്നെ ആരതി രാജീവന്റെ ഫോട്ടോയെടുത്തിരുന്നു.
ആള് രക്ഷപ്പെട്ടാലും പരാതി നല്കുമ്പോള് ഉപയോഗിക്കാനായിരുന്നു ഫോട്ടോ എടുത്തത്. അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം കൂടുതല്‍ പേരറിഞ്ഞത്.
കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷമാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. കോളേജിലെ എന്‍സിസി സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു ആരതി.
നേരത്തെയും സമാനമായ അനുഭവം ഉണ്ടായിരുന്നുവെന്നും പോലീസില്‍ പരാതിപ്പെടാനായി ബസില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും ആള് ഓടി രക്ഷപ്പെട്ടുവെന്നും ആരതി പറഞ്ഞു.