ആലുവ: എടയാറിൽ പെയിന്റ് നിര്‍മാണ കമ്പനിയുടെ പേരിൽ നടന്നുകൊണ്ടിരുന്നത് വൻ സ്പിരിറ്റ് കച്ചവടം. കന്പനിയിലെ രഹസ്യ ഭൂഗർഭ അറയില്‍ സൂക്ഷിച്ചിരുന്ന 8000 ലിറ്ററോളം വരുന്ന വൻ സ്പിരിറ്റ് ശേഖരമാണ് എക്സൈസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ആലുവ എടയാർ വ്യവസായ മേഖലയിലെ കമ്പനിയിൽ ഇന്നലെ അർധരാത്രിയോടെയാണ് എക്സൈസ് പ്രത്യേക സംഘം റെയ്ഡ് നടത്തിയത്.
കേസിൽ രാജാക്കാട് സ്വദേശി കുട്ടപ്പായി എന്ന ബൈജു, തൃക്കാക്കര സ്വദേശി സാംസണ് എന്നിവർ അറസ്റ്റിലായി.ഈ കമ്പനി കേന്ദ്രീകരിച്ച സ്പിരിറ്റ് വിൽപ്പന നടക്കുന്നുവന്ന രഹസ്യവിവരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന് നേരത്തെ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കെയാണ് ആലുവ ദേശീയപാതയില്‍ വച്ച് ഇന്നലെ രാത്രി ഇരുവരും സ്പിരിറ്റുമായി പിടിയിലാവുന്നത്.
എടയാറിലെ കമ്പനിയിൽ നിന്നാണ് ഈ സ്പിരിറ്റ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികൾ സമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരെയും കൊണ്ട് കമ്പനിയിലെത്തിച്ചു പരിശോധന നടത്തിയപ്പോഴാണ് മുറ്റത്ത് രഹസ്യ ഭൂഗർഭ അറയിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്.
ഏകദേശം 243 കന്നാസുകളാണ് കണ്ടെത്തിയിരിക്കുന്നത്. എക്സൈസിന്റെ അടിമാലിയില്‍ നിന്നും എറണാകുളത്തു നിന്നുമുള്ള സംയുക്ത സംഘത്തിന്റെ പരിശോധനയിലാണ് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയത്.
സാനിറ്റൈസര്‍ എന്ന വ്യാജേനയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ചെറിയ കന്നാസുകളിലാക്കി കാര്‍ട്ടണ്‍ ബോക്സുകളില്‍ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്.
കുര്യന് എന്നയാളാണ് കമ്പനി ഉടമ. മാസങ്ങളായി ഇവര്‍ സ്പിരിറ്റ് വിതരണം നടത്തിവരികയായിരുന്നുവെന്നാണ് സൂചന.
പെയിന്റ് ബിസിനസ് എന്ന പേരില്‍ സ്പിരിറ്റ് കച്ചവടമാണ് ഇവിടെ പ്രധാനമായും നടന്നുവന്നതെന്നാണ് വിവരം. കമ്പനിയുടമ കുര്യൻ ഒളിവിലാണെന്നും ഇയാള്‍ക്കായി തെരച്ചിൽ ആരംഭിച്ചതായും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.വി. ഏലിയാസ് രാഷ്ട്രദീപികയോട് പറഞ്ഞു.