മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2022 സീസണിലെ ആദ്യ മത്സരങ്ങളിൽ കിടിലൻ പ്രകടനം നടത്തിയ മലയാളി സൂപ്പർ താരങ്ങളായ സഞ്ജു സാംസണിന്റെയും ബേസിൽ തന്പിയുടെയും ചിത്രം ട്വീറ്റ് ചെയ്ത് മുംബൈ ഇന്ത്യൻസ്.
നാളെ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെ നേരിടും. ഇതിന് മുന്നോടിയായാണ് രാജസ്ഥാൻ ക്യാപ്റ്റനായ സഞ്ജുവിന്റെയും മുംബൈ ഇന്ത്യൻസിന്റെ പേസറായ ബേസിൽ തന്പിയുടെയും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്തത്.
‘കേരളത്തിലെ പിള്ളേർ ആറാടുകയാണ്’ എന്ന കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രം മുംബൈ ട്വീറ്റ് ചെയ്തത്.
സഞ്ജുവും ബേസിലും ആദ്യ മത്സരത്തിൽ കിടലൻ പ്രകടനവും പുറത്തെടുത്തു. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അർധ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 27 പന്തിൽ 55 റണ്‍സടിച്ച താരം പ്ലെയർ ഓഫ് ദ മാച്ചുമായി.
മുംബൈ ഇന്ത്യൻസിന്റെ പേസ് ബൗളറായ ബേസിൽ തന്പി ഡൽഹി ക്യാപിറ്റൽസിനെതിരേ മികച്ച ബൗളിംഗ് പുറത്തെടുത്തിരുന്നു.
നാല് ഓവറിൽ 35 റണ്‍സ് വഴങ്ങിയ മലയാളി പേസർ മൂന്നു വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ മുംബൈ നാല് വിക്കറ്റിന് തോറ്റെങ്കിലും ബേസിലിന്റെ പ്രകടനത്തിന് കൈയ്യടി കിട്ടി.
ഈ ചിത്രം സഞ്ജുവും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ’തന്പി അളിയൻ’ എന്ന കുറിപ്പോടെയാണ് സഞ്ജു ചിത്രം പങ്കുവച്ചത്.