തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗറിൽ സലിം മൻസിലിൽ ബഷീറിനെ (54) കൊലപ്പെടുത്തിയ കേസിൽ ദന്പതികൾക്കു കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ.
നെടുമങ്ങാട് കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗറിൽ പഴയവിള പുത്തൻവീട്ടിൽ സിദിക്ക് (56) നെ ആറു വർഷത്തേക്കും ഭാര്യ നാജ ബീഗം (നാജു -47) നെ മൂന്നു വർഷത്തെ കഠിനതടവിനുമാണു ശിക്ഷിച്ചത്. ഒന്നാം പ്രതി വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു.
തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എസ്. മല്ലികയുടേതാണ് ഉത്തരവ്. പിഴത്തുക ബഷീറിന്റെ ഭാര്യക്കു നൽകുവാൻ കോടതി നിർദേശിച്ചു.
2009 ജനുവരി 21 നാണ് സംഭവം. സിദിക്കിൽ നിന്നു കൊല്ലപ്പെട്ട ബഷീർ വീടും സ്ഥലവും വിലയ്ക്കു വാങ്ങിയിരുന്നു. നാലര സെന്റ് വസ്തു അളന്ന് അതിരുതിരിച്ചു നൽകണമെന്നു രണ്ടാം പ്രതിയോട് പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു.
സംഭവ ദിവസം കൊല്ലപ്പെട്ട ബഷീർ നാജ ബീഗവുമായി ഇക്കാര്യത്തേക്കുറിച്ചു തർക്കം ഉണ്ടായി.അന്നു രാത്രി ഒന്പതരയോടെ നാലാം പ്രതി നാജ ഒന്നാം പ്രതിയായ തന്റെ പിതാവിനെ കൂട്ടി കൊല്ലപ്പെട്ട ബഷീറിന്റെ വീട്ടിലേക്കു പോയി.
ബഷീറിനെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നും പുറത്തു കൊണ്ടുപോയി തടിക്കഷണം കൊണ്ട് ബഷീറിന്റെ തലയിലും നെഞ്ചിലും മാരകമായി അടിച്ചു.
തുടർന്ന് സംഭവ സ്ഥലത്തെത്തിയ രണ്ടാം പ്രതി സിദ്ദിക്ക് കൈവശം കരുതിയിരുന്ന പട്ടികക്കഷണം കൊണ്ട് ബഷീറിന്റെ തലയിലും ശരീരത്തിലും അടിച്ചു.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെട്ടു. ബഷീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട ബഷീറിന്റെ ഭാര്യ ആരിഫാ ബീവിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. സംഭവത്തിനു ദൃക്സാക്ഷികളായ അയൽവാസികളായ അശോക് കുമാറും ഭാര്യ അനിതയും കൂറുമാറിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി എൻ.സി.പ്രിയൻ, ഡി.ജി.റെക്സ് എന്നിവർ ഹാജരായി.