ആലുവ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലുവയില്‍ സംഘടിപ്പിച്ച റെസ്ക്യൂ ആന്‍ഡ് റിലീഫ് എന്ന പരിപാടിയുടെ സംസ്ഥാതല ഉദ്ഘാടന ചടങ്ങില്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് വിവാദത്തിലേക്ക്.
ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യ വിശദീകരണം ആവശ്യപ്പെട്ടു.
മാര്‍ച്ച് 30ന് വൈകിട്ട് ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളിലായിരുന്നു പരിപാടി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളോടൊപ്പം ഫയര്‍ ഫോഴ്സിന്റെ ആലുവ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ വേദി പങ്കിട്ടതാണ് പരാതിക്കിടയാക്കിയത്.
എന്നാല്‍ റെസ്ക്യൂ പരിശീലനം നല്‍കുന്നതിനാണ് തങ്ങളെത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വിശദീകരണം കിട്ടിയ ശേഷം
പരിശീലനം നല്കിയ ഉദ്യോഗസ്ഥരോടാണ് ഫയര്‍ഫോഴ്സ് മേധാവി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
പരിശീലനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ. എ രാഹുല്‍ദാസ്, എം. സജാദ് എന്നിവരോട് ആവശ്യപെട്ടു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍ ഉണ്ടാകുക.
വിവാദം വെറുതെയെന്ന്
അതേസമയം ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്.
ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു പരിശീലനം. ഇതാണ് വിവദമായത്.
ബിജെപി
പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി. സന്ധ്യ ഉത്തരവിട്ടത്.
സന്നദ്ധ സംഘടനകള്‍, റസിഡന്‍ഡ് അസോസിയേഷനുകള്‍, വിവിധ എന്‍ജിഒകള്‍ എന്നിവയ്ക്ക് പരിശീലനം നല്‍കാറുണ്ട്.
അതുപോലുള്ള പരിശീലനം മാത്രമാണ് നല്‍കിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയില്‍വച്ച് പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.