കൊച്ചി: പനമ്പിളളിനഗറില് പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന വിരുതൻ പിടിയിൽ. സംഭവത്തിൽ യുവാവിനെ പോലീസ് കുടുക്കിയത് സിസിടിവി ദൃശ്യങ്ങളിലൂടെ.
ഈ ഭാഗത്തു നിന്നും 80 ഉം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തില്‍നിന്ന് 150 ഉം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്.
ഇവ താരതമ്യം ചെയ്തതിലൂടെയാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് ചെറുകുന്നത്ത് ഇമ്മാനുവലി (31) നെ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
പ്രതി മൂവാറ്റുപുഴയിലെ ഒരു സ്ഥാപനത്തില്‍ സര്‍വീസ് എന്‍ജിനിയറായി ജോലി ചെയ്തുവരികയാണ്. നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ സ്കൂട്ടറില്‍ കറങ്ങിനടന്നാണ് സ്ത്രീകളെ ശല്യം ചെയ്തിരുന്നത്.
പരാതി ഉയര്‍ന്നതോടെ സിറ്റി പോലീസ് കമ്മീഷണര്‍ ഷാഡോ പോലീസിനെ നിയോഗിക്കുകയും രഹസ്യനിരീക്ഷണത്തിനൊടുവില്‍ പിടികൂടുകയുമായിരുന്നു.
പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും പിന്നില്‍നിന്ന് കയറിപ്പിടിക്കുകയുമായിരുന്നു ഇയാളുടെ രീതി.
കടവന്ത്ര, പനമ്പിളളി നഗര്‍ എന്നിവിടങ്ങളിലുള്ള നാലു സ്ത്രീകളാണ് അതിക്രമം സംബന്ധിച്ച് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്.
പരാതി വ്യാപകമായതോടെ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഷാഡോ പോലീസിനെ നിയോഗിക്കുകയായിരുന്നു. സ്കൂട്ടിറിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ ആദ്യ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടന്നത്. മൂവാറ്റുപുഴയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.