ശ്രീകണ്ഠപുരം: ഓൺലൈൻ ആപ്പ് വഴി ചുരിദാർ ബുക്ക് ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ.
അസറുദ്ദീൻ അൻസാരി (28) യെയാണ് ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശന്റെ നേതൃത്വത്തിലുള്ള സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തത്. എള്ളരിഞ്ഞി സ്വദേശി രജനയുടെ പണമാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് യുവതി സിലോറി ഫാഷൻ എന്ന ഓൺലൈൻ ആപ്പ് വഴി 299 രൂപയുടെ ചുരിദാർ ബുക്ക് ചെയ്തത്. ഫോൺ പേ വഴി പണം അയച്ച് കൊടുത്തെങ്കിലും ചുരിദാർ ലഭിച്ചിരുന്നില്ല.
തുടർന്ന് യുവതി ഓൺലൈൻ ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോൾ പണം ലഭിച്ചില്ലെന്നും പരിശോധനയ്ക്കായി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പർ മെസേജ് ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് മൊബൈൽ നമ്പർ അയച്ചുകൊടുത്തതോടെ യുവതിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായാണ് പരാതി. എസ്ബിഐ യുടെ ശ്രീകണ്ഠപുരം ബ്രാഞ്ചിൽ നിന്നാണ് പണം പിൻവലിച്ചത്.
സംഭവത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ശ്രീകണ്ഠപുരം പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അക്കൗണ്ടിൽ നിന്ന് അസറുദ്ദീൻ അൻസാരിയുടെ അക്കൗണ്ടിലേക്കാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തി.
തുടർന്ന് ഇന്നലെ പുലർച്ചെ ജാർഖണ്ഡിലെത്തിയ പോലീസ് സംഘം ഇവിടെ വച്ച് ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിയെ രാത്രിയോടെ ശ്രീകണ്ഠപുരത്തെത്തിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇന്ന് ചോദ്യം ചെയ്യും.
എഎസ്ഐ സജിമോൻ, സിവിൽ പോലീസ് ഓഫീസർമാരായ ശിവപ്രസാദ്, രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.